കേരളത്തിലും തമിഴ്‌നാട്ടിലും കാലവർഷം ശക്തമാകുമെന്ന മുന്നറിയിപ്പ്

Jaihind Webdesk
Thursday, October 4, 2018


കേരളത്തിലും തമിഴ്‌നാട്ടിലും കാലവർഷം ശക്തമാകുമെന്ന മുന്നറിയിപ്പ് ആശങ്ക സൃഷ്ടിക്കുന്നു. 112 ശതമാനം കൂടുതൽ മഴ തമിഴ്‌നാട്ടിൽ ലഭിക്കുമെന്ന മുന്നറിയിപ്പാണ് കേരളത്തിന് ആശങ്ക.

മഴ ശക്തമായി തമിഴ്‌നാട്ടിലെ അണക്കെട്ടുകൾ കൂട്ടത്തോടെ തുറന്നാൽ പ്രളയക്കെടുതിയിൽ നിന്നും കരകയറാൻ പാടുപെടുന്ന കേരളത്തിന് കുടുതൽ ദുരിതമാകും ഉണ്ടാകുക. തമിഴ്‌നാട്ടിൽ മൊത്തം ലഭിക്കുന്ന മഴയുടെ പകുതിയും തലാമഴയിലാണ് ലഭിക്കുന്നത്. തമിഴ്‌നാട്ടിലെ അപ്പർ നീരാർ, ലോവർ നീരാർ, അപ്പർ ഷോളയാർ തുടങ്ങിയ അണക്കെട്ടുകൾ തുറന്നാൽ കേരളത്തിലെ ഷോളയാർ വഴി പെരിങ്ങൽ കുത്ത് ചാലക്കുടി പുഴ വഴി കൂടുതൽ ജലം പെരിയാറിൽ എത്തിചേരും. പെരിങ്ങൽ കുത്ത് ഡാമിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ഷട്ടറുകൾ തുറന്നിട്ടിരിക്കുകയാണ്. കൂടുതൽ വെള്ളമെത്തിയാൽ ഇടമലയാറിലേക്കും അവിടെ നിന്നും ലോവർപെരിയാർ സംഭരണി വഴിയും പെരിയാറിലെത്തും.

അതേ സമയം മുല്ലപ്പെരിയാർ തുറന്നാൽ ഇടുക്കി അണക്കെട്ടിൽ വീണ്ടും ജലനിരപ്പുയരും. മുല്ലപെരിയാർ ജലം ശേഖരിക്കുന്ന തേനിയിലെ വൈഗ അണക്കെട്ടും നിറഞ്ഞ് കിടക്കുകയാണ്. ഇതു മൂലം മുല്ലപ്പെരിയാറിൽ നിന്നും ജലം കൊണ്ട് പോകുന്നതിന് തമിഴ്‌നാട് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. 98 ശതമാനം നിറഞ്ഞ് കിടക്കുന്ന തുണക്കടവ്, പറമ്പിക്കുളം എന്നിവ തുറന്നാൽ മലമ്പുഴയിലേക്കും ഭാരതപുഴയിലേക്കും കൂടുതൽ വെള്ളമെത്തുമെന്നതും ആശങ്കക്ക് ഇടനൽകുന്നു. ഇടുക്കിയിലെ അണക്കെട്ടുകൾ പൂർണ സംഭരണ ശേഷിയോട് അടുത്ത് നിൽകുകയാണ്. കൂടുതൽ മഴയെത്തുന്നതോടെ അണക്കെട്ടുകൾ തുറക്കേണ്ടി വരും.

2017ൽ തുലാമഴയിൽ 48 ശതമാനം പ്രതീക്ഷിച്ച സ്ഥാനത്ത് 48.18 സെ.മീ മഴ ലഭിച്ചു. മുല്ലപ്പെരിയാർ അടക്കം തുറന്നാൽ ഉണ്ടാകാവുന്ന സാഹചര്യങ്ങൾ മുന്നിൽ കണ്ട് ഇടുക്കി, ഇടമലയാർ, ലോവർപെരിയാർ അണക്കെട്ടുകളിലെ ജലനിരപ്പ് കുറച്ച് നിർത്തിയിരിക്കുകയാണെന്ന് KSEB അധികൃതർ അറിയിച്ചു.

ഫസഫിക് സമുദ്രത്തിന് മുകളിൽ ഒക്ടോബർ, ഡിസംബര്‍ വരെയുള്ള സമയങ്ങളിൽ ശക്തി കുറഞ്ഞ എൽ നിനോ പ്രതിഭാസം ഉണ്ടാകുമെന്നും 2019 മാർച്ച് വരെ ഇത് നീളാൻ സാധ്യത ഉണ്ടെന്നുമാണ് അറിയിപ്പ്.