ഡാം മാനേജ്മെന്‍റിലെ ഗുരുതര പിഴവ്; അണക്കെട്ടുകളില്‍ ആവശ്യത്തിന് വെള്ളമില്ല, വൈദ്യുതി ഉല്പാദനം പ്രതിസന്ധിയില്‍

Jaihind Webdesk
Thursday, June 6, 2019

അധികജലം തുറന്നുവിട്ടതുമൂലം സംസ്ഥാനത്തെ ഒൻപത് അണക്കെട്ടുകളിൽ ജലനിരപ്പ് ഡെഡ് സ്റ്റോറേജിൽ. വൈദ്യുതി ഉല്പാദനം കടുത്ത പ്രതിസന്ധിയിൽ. വിവരം പുറത്തറിയിക്കാതെ വൈദ്യുതി ബോർഡ്.

സംസ്ഥാനത്ത് ലക്ഷ്യം തെറ്റിയ കാലാവസ്ഥാ മുന്നറിയിപ്പിന്‍റെ പേരിൽ കൂടുതൽ ജലം ഒഴുക്കിക്കളയേണ്ടി വന്നതിന് പുറമെ റെക്കോർഡ് ഉപഭോഗം കൂടിയായതോടെ സംസ്ഥാനത്തെ വൈദ്യുതി ഉല്പാദനം കൂടുതൽ പരുങ്ങലിലായി. ഇടുക്കി അടക്കമുള്ള അണക്കെട്ടുകളിൽ കഴിഞ്ഞ വർഷത്തേക്കാൾ ജലം കുറവാണ്. മറ്റ് അണക്കെട്ടുകളിൽ ഒൻപതെണ്ണം പരമാവധി ജലം ഉപയോഗിക്കാവുന്നതിന്‍റെ പരിധിക്ക് താഴെയും, ബാക്കിയുള്ളവ വറ്റിയ അവസ്ഥയിലുമാണ്.

ഇടമലയാർ അണക്കെട്ടിൽ ഒൻപത് ശതമാനം മാത്രമാണ് ജലമുളളത്. മറ്റ് അണക്കെട്ടുകളിൽ സംഭണ ശേഷിയുടെ പത്ത് ശതമാനവുമാണ് ഉള്ളത്. മഹാപ്രളയത്തിൽ അണക്കെട്ടുകൾ വൻതോതിൽ തുറന്നതിന് പിന്നാലെ കാലാവസ്ഥാ മുന്നറിയിപ്പിന്‍റെ പേരിൽ ജലനിരപ്പ് താഴ്ന്നുകിടന്ന അണക്കെട്ടുകളും തുറന്നുവിട്ടതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. മഴയില്ലാതിരിക്കെ ഇടുക്കി അണക്കെട്ടടക്കം ഒക്ടോബറിൽ തുടർച്ചയായി 28 മണിക്കൂർ തുറന്ന് വിടുകയായിരുന്നു. കേന്ദ്ര മുന്നറിയിപ്പ് പാളിയെന്ന് മാത്രമല്ല, വൈദ്യുതി ബോർഡിന്‍റെ ഡാം മാനേജ്‌മെന്‍റും പിഴച്ചു എന്നതാണ് യാഥാര്‍ത്ഥ്യം.

പുറത്തുനിന്ന് വാങ്ങുന്ന വൈദ്യുതിയുടെ അളവ് കുത്തനെ ഉയർത്തിയാണ് നിലവിൽ പിടിച്ചുനിൽക്കുന്നത്. അണക്കെട്ടുകളിലെ ജലത്തിന്‍റെ ഉപയോഗം പരമാവധി കുറക്കുന്നതിന്‍റെ ഭാഗമായി കഴിഞ്ഞ ഒരു മാസമായി വൈദ്യുതി റെക്കോഡ് അളവിൽ വാങ്ങുന്നത് തുടരുകയാണ് നിലവില്‍. അതിനിടെയാണ് അണക്കെട്ടുകളിലെ ജലനിരപ്പ്  പരമാവധി താഴെ പോവുകയും ചെയ്യുന്ന സാഹചര്യം സൃഷ്ടിച്ചത്. സംസ്ഥാന ചരിത്രത്തിലെ ഉയർന്ന പ്രതിദിന വൈദ്യുതി ഉപഭോഗമാണ് ഈ വർഷം രേഖപ്പെടുത്തിയത്. ജലവർഷം തുടങ്ങുന്ന ജൂൺ ഒന്നിന് സംസ്ഥാനത്തെ ജലസംഭരണികളിലാകെ 500 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളം കരുതലുണ്ടാകണമെന്നതാണ് ബോർഡിന്‍റെ നിയമം. പ്രതീക്ഷിച്ച വേനൽ മഴ കൂടി ലഭിക്കാത്തതിനാൽ വരും ദിനങ്ങളിൽ വൻ പ്രതിസന്ധിയാകും നേരിടേണ്ടിവരിക.