സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; മലപ്പുറത്ത് മരം വീണ് മൂന്ന് മരണം; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Jaihind Webdesk
Thursday, April 25, 2019

തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.  നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ശക്തമായ കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. കേരളത്തിന്‍റെ തെക്കന്‍ തീരത്തും കന്യാകുമാരി, തമിഴ്നാട് തീരങ്ങളിലും മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇന്നലെ മുതല്‍ തിരുവനന്തപുരത്തെ തീരപ്രദേശങ്ങള്‍ പ്രക്ഷുബ്ധമാണ്. വലിയതുറ മുതല്‍ ചിറയിന്‍കീഴ് വരെയുള്ള പ്രദേശങ്ങളിലെല്ലാം ശക്തമായ കടലാക്രമണമാണ് അനുഭവപ്പെടുന്നത്. ശക്തമായ കടല്‍ക്ഷോഭത്തില്‍ നിരവധി വീടുകളില്‍ വെള്ളം കയറുകയും കേടുപാട് പറ്റുകയും ചെയ്തു. തുറമുഖ വകുപ്പിന്‍റെ കെട്ടിടവും കടലാക്രമണത്തില്‍ തകര്‍ന്നു.

ശ്രീലങ്കയ്ക്ക് സമീപം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദമാണ് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് കാരണമാകുന്നത്. ഇത് അതി തീവ്രന്യൂനമര്‍ദ്ദമായ ശേഷം ചുഴലിക്കാറ്റായി മാറിയേക്കാമെന്നാണ് പ്രവചനം. ഇതിന്‍റെ പ്രഭാവത്തില്‍ തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഇടുക്കി, എറാണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മത്സ്യത്തൊഴിലാളികൾ 26 മുതൽ ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും, തമിഴ്‌നാട് തീരത്തും മത്സ്യബന്ധനത്തിന് പോകരുത്. കേരള തീരത്തും കടൽ പ്രക്ഷുബ്ദമാവാൻ സാധ്യതയുള്ളതിനാൽ മുൻകരുതൽ നടപടി എന്ന നിലയിൽ 26 മുതൽ മത്സ്യ ബന്ധനം ഒഴിവാക്കണം. കടൽ പ്രക്ഷുബ്ദമോ അതി പ്രക്ഷുബ്ദമോ ആകാൻ സാധ്യതയുള്ളതിനാൽ ആഴക്കടലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ എത്രയും പെട്ടെന്ന് തിരിച്ചെത്തണമെന്നും നിര്‍ദേശമുണ്ട്.

നാളെ മുതൽ കേരളത്തിൽ മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ശക്തമായ മഴയുടെയും കാറ്റിന്‍റെയും പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാത്രിയിൽ മലയോര മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണം. എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, പത്തനംതിട്ട, കോട്ടയം, വയനാട്, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ രാത്രി ഏഴ് മുതൽ രാവിലെ ഏഴ് വരെ മലയോര മേഖലയിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന് അറിയിച്ചു. മലയോര മേഖലയിലെ റോഡുകൾക്ക് കുറുകെയുള്ള ചെറിയ ചാലുകളിലൂടെ മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഇത്തരം ചാലുകളുടെ അരികിൽ വാഹനങ്ങൾ നിർത്തരുത്.

മലപ്പുറം നിലമ്പൂരിന് സമീപം പൂളക്കപ്പാറ ആദിവാസി കോളനിയിൽ കനത്ത മഴയത്ത് മരം വീണ് മൂന്ന് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. പൂളക്കപ്പാറ പാട്ടക്കരിമ്പ്‌ കോളനിയിലെ ശങ്കരൻ, ചാത്തി, പുഞ്ചക്കൊല്ലി കോളനിയിലെ ചാത്തി എന്നിവരാണ് മരിച്ചത്. കോളനിയിലെ ഉത്സവത്തിനിടെയായിരുന്നു അപകടം.

തമിഴ്നാട്ടിയിലെ ഊട്ടിയില്‍ ശക്തമായ മഴ തുടരുകയാണ്. ഊട്ടിയിലുണ്ടായ കനത്ത മഴയിൽ ആലിപ്പഴം വീണ് നിരവധി പ്രദേശത്തെ കൃഷിഭൂമി നശിച്ചു.

ഊട്ടിയിലെ മഴയുടെ ദൃശ്യങ്ങള്‍: