കനത്ത മഴയില്‍ വ്യാപക നാശനഷ്ടം; 35 മരണം; രാജസ്ഥാനെയും മധ്യപ്രദേശിനെയും അവഗണിച്ച് ഗുജറാത്തിന് മാത്രം സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

Jaihind Webdesk
Wednesday, April 17, 2019

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പശ്ചിമ, ഉത്തര ഭാഗങ്ങളില്‍ അപ്രതീക്ഷിതമായി പെയ്ത മഴയില്‍ വ്യാപക നാശനഷ്ടം. രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലായി കനത്ത മഴയിലും പൊടിക്കാറ്റിലും 35 പേര്‍ മരിച്ചു.

മഴയുമായി ബന്ധപ്പെട്ട അപകടങ്ങളില്‍ മധ്യപ്രദേശില്‍ പതിനഞ്ചു പേര്‍ മരിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഗുജറാത്തിലും രാജസ്ഥാനിലും പത്തു പേര്‍ വീതം മരിച്ചു. അതേസമയം ഗുജറാത്തിലെ മഴക്കെടുതിയില്‍ ഉത്കണ്ഠ അറിയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ധനസഹായം പ്രഖ്യാപിച്ചു.

ഗുജറാത്തിനു മാത്രം സഹായം പ്രഖ്യാപിച്ച പ്രധാനമന്ത്രിയുടെ നടപടിയില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് പ്രതിഷേധം രേഖപ്പെടുത്തി. സ്വന്തം സംസ്ഥാനത്തിന്റെ കാര്യത്തില്‍ മാത്രമേ പ്രധാനമന്ത്രിക്ക് ആശങ്കയുള്ളൂവെന്ന് കമല്‍നാഥ് പറഞ്ഞു. ”മോദിജി, താങ്കള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്, ഗുജറാത്തിന്റെയല്ല” -കമല്‍നാഥ് പറഞ്ഞു.
ഇതിനു പിന്നാലെ മധ്യപ്രദേശിലും രാജസ്ഥാനിലും മണിപ്പൂരിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുമുണ്ടായ മഴക്കെടുതിയില്‍ ദുഃഖം രേഖപ്പെടുത്തി പിഎംഒ ട്വീറ്റ് ചെയ്തു. മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ടു ലക്ഷംരൂപ വീതം സഹായധനവും പ്രഖ്യാപിച്ചിട്ടുണ്ട്. പരുക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപ വീതം നല്‍കുമെന്ന് പിഎംഒ അറിയിച്ചു.
സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് അറിയിച്ചു.