സമൂഹത്തെ വിഭജിക്കുക മോദി സർക്കാരിന്‍റെ അജണ്ട ; ജനങ്ങളെ വിഭജിക്കുന്ന ഒരു നിയമവും മധ്യപ്രദേശില്‍ നടപ്പാക്കില്ല : കമല്‍നാഥ്

Jaihind News Bureau
Monday, January 13, 2020

Kamal-Nath

രാജ്യത്തെ ജനങ്ങളെ വിഭജിക്കുക എന്നതാണ് ബി.ജെ.പിയുടെയും മോദി സർക്കാരിന്‍റെയും അജണ്ടയെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ്. ഈ ലക്ഷ്യത്തിനുവേണ്ടി അവര്‍ എന്ത് മാർഗവും സ്വീകരിക്കുമെന്നും കമല്‍നാഥ് പറഞ്ഞു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മധ്യപ്രദേശില്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന് കമല്‍നാഥ് വ്യക്തമാക്കി. ജനങ്ങളെ വിഭജിക്കുന്ന ഒരു നിയമവും ഇവിടെ നടപ്പാക്കില്ല. എന്താണ് പൗരത്വ ഭേദഗതി നിയമത്തിന്‍റെ ആവശ്യമെന്നും അദ്ദേഹം ചോദിച്ചു. തൊഴിലവസരങ്ങള്‍ക്കാണ് സർക്കാർ പ്രാധാന്യം നല്‍കേണ്ടത്. കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്കാണ് പരിഹാരം കാണേണ്ടത്. രാജ്യത്തെ ജനങ്ങളെ വിഭജിച്ചുകൊണ്ട് ഇത്ര തിടുക്കപ്പെട്ട് പൗരത്വ ഭേദഗതി നിയമം കൊണ്ടുവരാനുള്ള അടിയന്തര സാഹചര്യം എന്തായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു.

മോദി സർക്കാരിന്‍റെ നയങ്ങളില്‍ രാജ്യത്തെ യുവജന അസ്വസ്ഥരാണ്. തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണാന്‍ യാതൊരു നടപടികളും ബി.ജെ.പി സർക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. യുവജനത തൊഴിലിനായി പരക്കം പായുകയാണ്. എന്നാല്‍ പ്രധാനമന്ത്രി തൊഴിലവസരങ്ങളെക്കുറിച്ച് ഒരു വാക്ക് പോലും സംസാരിക്കുന്നില്ല. മോദി തരംഗം എന്നത് നിശേഷം ഇല്ലാതായെന്നും കമല്‍നാഥ് പറഞ്ഞു. ബി.ജെ.പി സർക്കാരിന്‍റെ മോഹനവാഗ്ദാനങ്ങളെല്ലാം കാപട്യമായിരുന്നുവെന്ന് ഇപ്പോള്‍ ജനങ്ങള്‍ തിരിച്ചറിയുന്നു. തങ്ങള്‍ക്ക് പറ്റിയ അബദ്ധം തിരുത്താന്‍ അവർ തയാറാകുന്നുവെന്നതിന്‍റെ വ്യക്തമായ സൂചനകളാണ് ഇപ്പോള്‍ കാണാനാകുന്നത്. സമീപകാല തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇതിന്‍റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.