മുട്ട കഴിക്കുന്ന കുട്ടികള്‍ നരഭോജികളായി മാറും : വിവാദ പ്രസ്താവനയുമായി മധ്യപ്രദേശ് ബി.ജെ.പി നേതാവ്

Jaihind Webdesk
Thursday, October 31, 2019
മധ്യപ്രദേശിലെ കുട്ടികളുടെ പോഷകാഹാരക്കുറവ് പരിഹരിക്കാനുള്ള കമല്‍നാഥ് സർക്കാരിന്‍റെ പദ്ധതിക്കെതിരെ തൊടുന്യായങ്ങളുമായി ബി.ജെ.പി. മുട്ട കഴിക്കുന്ന കുട്ടികള്‍ ഭാവിയില്‍ നരഭോജികളായിത്തീരുമെന്ന വിവാദ പ്രസ്താവനയുമായി മധ്യപ്രദേശ് ബി.ജെ.പി നേതാവ് ഗോപാല്‍ ഭാർഗവ രംഗത്തെത്തി. അങ്കണവാടികളില്‍ കുട്ടികള്‍ക്ക് മുട്ട വിതരണം ചെയ്യുന്നത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മധ്യപ്രദേശ് പ്രതിപക്ഷനേതാവ് കൂടിയായ ഗോപാല്‍ ഭാര്‍ഗവ.

മധ്യപ്രദേശിലെ അങ്കണവാടികളില്‍ കുട്ടികള്‍ക്കുള്ള ആഹാരത്തില്‍ മുട്ട ഉള്‍പ്പെടുത്താനുള്ള കോണ്‍ഗ്രസിന്‍റെ തീരുമാനത്തിനെതിരെയാണ് ബി.ജെ.പി രംഗത്തെത്തിയത്. ആദ്യം മുട്ട കഴിക്കും പിന്നീട് കോഴിയെ കഴിക്കും ശേഷം അവര്‍ ആടിനെ കഴിക്കും ഒടുവില്‍ അവര്‍ നരഭോജികളായി മാറുമെന്നായിരുന്നു ഗോപാല്‍ ഭാര്‍ഗവയുടെ വിവാദ പ്രസ്താവന.

കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കാനുള്ള കോണ്‍ഗ്രസ് സർക്കാരിന്‍റെ നല്ല ഉദ്ദേശത്തോടെയുള്ള നീക്കത്തിനെതിരെ ബി.ജെ.പി രംഗത്തെത്തിയതിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. മധ്യപ്രദേശിലെ 42 ശതമാനം കുട്ടികളും പോഷകാഹാര കുറവ് കൊണ്ടുള്ള പ്രശ്നങ്ങള്‍ നേരിടുന്നവരാണ്. ഇത് പരിഹരിക്കുന്നതിനായാണ് കമല്‍നാഥ് സര്‍ക്കാര്‍ അങ്കണവാടികളില്‍ കുട്ടികള്‍ക്ക് മുട്ട വിതരണം ചെയ്യാന്‍ തീരുമാനിച്ചത്. നേരത്തേ മുട്ടയ്ക്ക് പകരം കുട്ടികള്‍ക്ക് മുരിങ്ങക്കോല്‍ നല്‍കിയാല്‍ മതിയെന്നായിരുന്നു ബി.ജെ.പിയുടെ നിർദേശം.

ബി.ജെ.പിക്ക് മറുപടിയുമായി വനിതാശിശുക്ഷേമ വകുപ്പ് മന്ത്രി ഇമാർഥി ദേവി രംഗത്തെത്തി. പ്രതിപക്ഷത്തിന് എന്തും പറയാമെന്നും ഇത് കാര്യമാക്കുന്നില്ലെന്നും ഇമാർഥി ദേവി പറഞ്ഞു. പോഷകാഹാരക്കുറവ് നേരിടുന്ന കുട്ടികള്‍ക്ക് വേണ്ടിയാണ് ഇത്തരമൊരു പദ്ധതി ആവിഷ്കരിച്ചത്. കുട്ടികളുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും ഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്തുന്നത് നല്ലതാണെന്നാണ് പോഷകാഹാരക്കുറവിന് ചികിത്സിക്കുന്ന ഡോക്ടർമാര്‍  പറയുന്നത്. മാത്രമല്ല, മുട്ട നോണ്‍വെജ് വിഭാഗത്തിലല്ല വരുന്നതെന്നും ഇമാര്‍ഥി ദേവി പ്രതികരിച്ചു.