സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു; ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു

Jaihind Webdesk
Sunday, October 7, 2018

അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം കേരളതീരത്ത് നിന്ന് അകലുന്നതിനാല്‍ സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. ഒമാന്‍ തീരത്തെ ലക്ഷ്യമാക്കിയാണ് ഇത് നീങ്ങുന്നത്. അടുത്ത 12 മണിക്കൂറില്‍ ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം പറയുന്നു. ചുഴലിക്കാറ്റ് മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ സെക്രട്ടറിയേറ്റില്‍ 24 മണിക്കൂര്‍ സെല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ ഇത് ദക്ഷിണ ഒമാന്‍, യെമന്‍ തീരങ്ങളിലേക്ക് എത്തിയേക്കും. ലക്ഷദ്വീപ് മിനിക്കോയ് എന്നിവിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലും മഴ തുടരും.

അതേസമയം ഇന്നും നാളെയും കേരളത്തില്‍ കനത്ത മഴ പെയ്യുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മഴയുടെ ശക്തി കുറഞ്ഞെങ്കിലും കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ വരുന്ന 24 മണിക്കൂര്‍ കടലില്‍ പോകരുതെന്ന്നിര്‍ദേശമുണ്ട്. എല്ലാ ജില്ലകളിലും ജാഗ്രത തുടരുന്നുണ്ട്. ഇടുക്കി ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടര്‍ അടച്ചിട്ടുണ്ട്.

ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് മലയോര മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കുക. സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുത്. പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളക്കെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം.

നദിക്കരയോട് ചേര്‍ന്ന് താമസിക്കുന്നവരും മുന്‍കാലങ്ങളില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ ഉള്ളവരും പ്രാഥമികമായി എമര്‍ജന്‍സി കിറ്റ് ഉണ്ടാക്കി വെക്കുക തുടങ്ങിയവ ഈ സാഹചര്യത്തില്‍ സ്വീകരിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
ആവശ്യമെങ്കില്‍ തൊട്ടടുത്തുള്ള ക്യാമ്പുകളിലേക്ക് മാറി താമസിക്കുക. മുമ്പ് പ്രളയവും, ഉരുള്‍പൊട്ടലും ബാധിച്ച സ്ഥലങ്ങളില്‍ ക്യാമ്പുകള്‍ സജ്ജമാക്കാന്‍ ആവശ്യമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓരോ വില്ലേജിലെയും ആളുകള്‍ക്ക് സുരക്ഷിതമായ സ്ഥാനങ്ങള്‍ അതാതു പ്രാദേശിക ഭരണകൂടങ്ങള്‍ വഴി അറിയിക്കാൻ വേണ്ട നിര്‍ദേശം നൽകിയിട്ടുണ്ട്.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ സെക്രട്ടറിയേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക സെല്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.