കൊടുംചൂടിലേക്ക് സംസ്ഥാനം; 4 ജില്ലകളിൽ ഇന്ന് ഉയർന്ന ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

Jaihind News Bureau
Friday, February 14, 2020

സംസ്ഥാനത്തെ ചില ജില്ലകളിൽ ഇന്ന് മുതൽ ഉയർന്ന ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിൽ സാധാരണ താപനിലയേക്കാൾ ഉയർന്ന ദിനാന്തരീക്ഷ താപനില അനുഭവപ്പെടുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്. ചൂടിനെ നേരിടുന്നതിനായി ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച മുൻകരുതൽ നിർദേശങ്ങൾ പാലിക്കാനും അധികൃതർ അറിയിച്ചു.

തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ സാധാരണ താപനിലയേക്കാൾ ഉയർന്ന ദിനാന്തരീക്ഷ താപനില അനുഭപ്പെടുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്.

സൂര്യതാപം, സൂര്യാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളെ പ്രതിരോധിക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ധാരാളമായി വെള്ളം കുടിക്കുക, നിർജ്ജലീകരണം വർധിപ്പിക്കാൻ ശേഷിയുള്ള മദ്യം പോലെയുള്ള പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ലൈറ്റ് കളർ പരുത്തി വസ്ത്രങ്ങൾ ധരിക്കുക, പരീക്ഷാ സമയമായതിനാൽ സ്‌കൂൾ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണെന്നും നിർദ്ദേശമുണ്ട്. ക്ലാസ് മുറികളിൽ വായുസഞ്ചാരം ഉറപ്പാക്കാനും കുട്ടികൾക്ക് സ്‌കൂളിലും പരീക്ഷ ഹാളിലും ശുദ്ധജല ലഭ്യത ഉറപ്പാക്കാനും നിർബന്ധമായും ശ്രദ്ധിക്കേണ്ടതാണ്.

അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ ശ്രദ്ധിക്കേണ്ടതണ്. നിർമാണ തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, ട്രാഫിക് പോലീസുകാർ, മാധ്യമ റിപ്പോർട്ടർമാർ, മോട്ടോർ വാഹന വകുപ്പിലെ വാഹന പരിശോധന വിഭാഗം, പിഡബ്രൂഡി ഉദ്യോഗസ്ഥർ, ഓൺലൈൻ ഭക്ഷണ വിതരണക്കാർ, ഇരുചക്ര വാഹന യാത്രക്കാർ, കർഷകർ, കർഷക തൊഴിലാളികൾ തുടങ്ങിയ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന തൊഴിലുകളിൽ ഏർപ്പെടുന്നവർ പകൽ സമയങ്ങളിൽ തൊഴിലിൽ ഏർപ്പെടുമ്പോൾ ആവശ്യമായ വിശ്രമം എടുക്കാൻ ശ്രദ്ധിക്കുകയും ധാരാളമായി വെള്ളം കുടിക്കുകയും ചെയ്യേണ്ടതുമാണ്.

ചൂട് മൂലമുള്ള തളർച്ചയോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ ശ്രദ്ധയിൽ പെട്ടാൽ പ്രഥമ ശുശ്രൂഷ നൽകാനും വൈദ്യ സഹായം
എത്തിക്കാനും ശ്രദ്ധിക്കേണ്ടതാണ്.