മഞ്ഞപ്പിത്തം: പ്രതിഷേധത്തിനൊടുവില്‍ പ്രതിരോധപ്രവർത്തനങ്ങളുമായി ആരോഗ്യവകുപ്പ്

മഞ്ഞപ്പിത്തം വ്യാപകമായ കോഴിക്കോട് ജില്ലയിൽ പ്രതിരോധ പ്രവർത്തങ്ങൾ ഊർജിതമാക്കുന്നു. നേരത്തെ ചാങ്ങരോത്ത് പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടർന്നിട്ടും തിരിഞ്ഞു നോക്കാത്ത ആരോഗ്യ വകുപ്പിന്‍റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്‍റെ നടപടി.

കഴിഞ്ഞ ഒരു മാസക്കാലമായി കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഞ്ഞപ്പിത്തം റിപ്പോർട്ട്‌ ചെയ്തിരുന്നു. ഇത് കൂടാതെ ചാങ്ങരോത്ത് പഞ്ചായത്തിൽ ഒരു വിവാഹ പാർട്ടിക്ക് പിന്നാലെ മുന്നൂറോളം പേർക്ക് മഞ്ഞപ്പിത്തം പടർന്നതും പ്രദേശത്തുകാരെ ആശങ്കയിലാക്കിയിരുന്നു. രോഗികളുടെ എണ്ണത്തിൽ ക്രമാനുഗതമായ വർധനവ് ഉണ്ടായിട്ടും ആരോഗ്യവകുപ്പ് തിരിഞ്ഞു നോക്കിയില്ല എന്ന വിമർശനം ശക്തമാണ്. ഇതുകൂടാതെ മഴക്കാല മുന്നൊരുക്കത്തിനായി യാതൊന്നും ചെയ്യാൻ ജില്ലാ ആരോഗ്യവകുപ്പിനും സാധിച്ചിട്ടില്ല.

വിമർശനത്തെ തുടർന്നാണ് പ്രതിരോധ പ്രവർത്തങ്ങൾ ഊർജിതമാക്കാൻ ജില്ലാ ആരോഗ്യ വിഭാഗം തീരുമാനിച്ചത്. ജില്ലയിലെ പനങ്ങാട്, ചാങ്ങരോത്ത്, കുറുവങ്ങാട് പ്രദേശങ്ങളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട്‌ ചെയ്തത്. അതുകൊണ്ടുതന്നെ പ്രദേശത്ത് സന്ദർശനം നടത്തി ആവശ്യമായ നിർദേശങ്ങൾ നൽകാൻ പ്രോഗ്രാം ഓഫീസർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രോഗലക്ഷണങ്ങൾ കണ്ടാൽ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ വിവരം അറിയിക്കണമെന്നും ആരോഗ്യ വിദഗ്ദർ നിർദേശിക്കുന്നു. എന്നാൽ ബോധവത്ക്കരണം എന്നതിനപ്പുറത്തേക്ക് കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നതാണ് യാഥാര്‍ഥ്യം.

kozhikodejaundice
Comments (0)
Add Comment