സംസ്ഥാന ആരോഗ്യ വകുപ്പിന്‍റെ പ്രവർത്തനം പരിതാപകരം : അതൃപ്തി അറിയിച്ച് ചീഫ് സെക്രട്ടറി

Jaihind Webdesk
Tuesday, April 5, 2022

സംസ്ഥാനത്തെ ആരോഗ്യ വകുപിന്‍റെ  പ്രവർത്തനത്തിൽ അതൃപ്തി അറിയിച്ച് ചീഫ് സെക്രട്ടറി ഡോ വി.പി.ജോയി ഐഎഎസ്.   ഇക്കാര്യം  വിശദീകരിക്കുന്ന ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ രാജന്‍ ഖൊബ്രാഗേഡ് ഐഎഎസിന്‍റെ  കത്ത് പുറത്ത്. ഏപ്രിൽ ഒന്നിന്ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വകുപ്പിലെ ഉദ്യോഗസ്ഥർക്ക് അയച്ച കത്തിലാണ് ചീഫ് സെക്രട്ടറി മോശം പരാമർശശം നടത്തിയതായി പറയുന്നത്. വകുപ്പ് മേധാവികൾ , സ്ഥാപന മേധാവികൾ അവരുടെ ചുമതലകൾ കൃത്യമായി നിർവഹിക്കുന്നില്ല എന്നും ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ചീഫ് സെക്രട്ടറി ഉള്‍പ്പെട്ട സംസ്ഥാനതല യോഗത്തിലാണ്   ജില്ലാ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങളില്‍ അദ്ദേഹം കടുത്ത അതൃപ്തി പ്രകടിപ്പിച്ചതെന്ന് ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കത്തില്‍ പറയുന്നു. സംസ്ഥാനത്ത് ഏറ്റവും മോശമായി പ്രവർത്തിക്കുന്നത് ആരോഗ്യ വകുപ്പാണ്. അതാത് ആരോഗ്യ കേന്ദ്രങ്ങളുടെ ഭരണ നിർവ്വഹണത്തിന്‍റെ ഉത്തരവാദിത്തം സ്ഥാപനത്തിന്‍റെ തലപ്പത്ത് ഇരിക്കുന്നവർക്കാണ്. എന്നാല്‍ ഇവിടെയൊന്നും കാര്യങ്ങള്‍ കൃത്യമായ നിലയില്‍ നടക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൃത്യനിർവ്വഹണത്തിലുള്ള ഇത്തരത്തിലുള്ള അലംഭാവം വകുപ്പിന്‍റെ പ്രവർത്തനങ്ങളെ സ്തംഭിപ്പിക്കുമെന്നും അടിയന്തരമായി വേണ്ട നടപടികള്‍ ഉദ്യോഗസ്ഥർ കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.