കൊച്ചി : മുട്ടിൽ മരംമുറിക്കേസിൽ പ്രതികളുടെ ജാമ്യഹർജികൾ ഹൈക്കോടതി തള്ളി. പ്രതികളായ റോജി അഗസ്റ്റിൻ, ആന്‍റോ അഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ എന്നിവർ നൽകിയ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.
മരംമുറിയുമായി ബന്ധപ്പെട്ട് മീനങ്ങാടി പൊലീസ് റജിസ്റ്റർ ചെയ്‌ത കേസിലാണ് പ്രതികൾ ജാമ്യം തേടി കോടതിയെ സമീപിച്ചത്. പ്രതികൾക്കെതിരായ തെളിവുകൾ അതീവ ഗുരുതരമാണെന്നും ജാമ്യം ലഭിച്ചാൽ തെളിവുകൾ ഇല്ലാതാക്കുമെന്നുമുള്ള നിരീക്ഷണത്തോടെയാണ് ഹൈക്കോടതി ജാമ്യഹർജി തള്ളിയത്. ജാമ്യാപേക്ഷയിൽ കഴിഞ്ഞയാഴ്ച വാദം പൂർത്തിയാക്കിയ ശേഷമാണ് ഹൈക്കോടതി ഇന്ന് വിധി പറഞ്ഞത്.