ഇടുക്കിയില്‍ കാട്ടാനക്കൂട്ടം കാര്‍ തകര്‍ത്തു ; വാഹനത്തിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Jaihind Webdesk
Friday, June 18, 2021

ഇടുക്കി : രാജകുമാരി അരമനപ്പാറയിൽ വാഹനത്തിന് നേരെ കാട്ടാനക്കൂട്ടത്തിന്‍റെ ആക്രമണം.  ബൈസൺവാലി മുട്ടുകാട് കൊങ്ങിണിസിറ്റി സ്വദേശി പന്തലാനിൽ ഷിജോയുടെ കാറിന് നേർക്കാണ് ആക്രമണം ഉണ്ടായത്. തലനാരിഴയ്ക്കാണ് വാഹനത്തിലുണ്ടായിരുന്നവർ രക്ഷപെട്ടത്.

വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. അയൽപക്കത്തെ വീണ് പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് ആക്രമണം. കുട്ടിയുടെ മാതാവും കാറിൽ ഉണ്ടായിരുന്നു. ഏലത്തോട്ടം മേഖലയായ അരമനപ്പാറയിൽ എത്തിയപ്പോൾ റോഡരികിൽ ഏലത്തിന് മറഞ്ഞ് നിൽക്കുകയായിരുന്ന ഏഴോളം കാട്ടാനകൾ മുന്നിൽ നിന്നും പിന്നിൽ നിന്നുമായി വാഹനത്തിന് നേർക്ക് ഓടിയെത്തി. അപകടം മനസിലാക്കിയ മൂവരും കാറിൽ നിന്നും ഇറങ്ങി ഓടി അമ്പത് മീറ്ററോളം അകലെ നിർത്തിയിട്ടിരുന്ന ഒരു ജീപ്പിൽ അഭയം തേടി. ഈ സമയം ആനകൾ സംഘം ചേർന്ന് കാർ തല്ലിത്തകര്‍ത്തു.

ദിവസങ്ങളായി കാട്ടാനകൾ പ്രദേശത്ത് തമ്പടിക്കുന്നുണ്ടായിരുന്നു. ഏലത്തോട്ടങ്ങളിൽ ഇവ വ്യാപകമായ നാശമാണ് വരുത്തിവച്ചിരിക്കുന്നത്.