സര്‍ക്കാറും കെ.ടി. ജലീലും സര്‍വ്വകലാശാലകളുടെ വിശ്വാസ്യത തകര്‍ത്തു: രമേശ് ചെന്നിത്തല

Jaihind Webdesk
Thursday, October 17, 2019

കൊച്ചി: സംസ്ഥാനത്ത് പരീക്ഷകളില്‍ തോറ്റവരെ സര്‍ക്കാറും മന്ത്രി കെ.ടി ജലീലും ചേര്‍ന്ന് വിജയിപ്പിച്ച് സര്‍വ്വകലാശാലകളുടെ വിശ്വാസത തകര്‍ത്തുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനം ഭരിക്കുന്ന ഇടതു സര്‍ക്കാറിന്റെ ജന വിരുദ്ധ നയങ്ങള്‍ക്കെതിരെ ജനം ഉപതെരഞ്ഞെടുപ്പില്‍ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളം മണ്ഡലത്തിലെ എളമക്കരയില്‍ നടന്ന യുഡിഎഫ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു രമേശ് ചെന്നിത്തല.
കേരളത്തിലെ ക്രമസമാധാനം തകര്‍ന്നു ബി.ജെപിയും സിപിഎമ്മും ചേര്‍ന്ന് സംസ്ഥാനത്തെ കൊലക്കളമാക്കിയെന്നും പെരിയ ഇരട്ട കൊലക്കേസില്‍ സിബിഐ അന്വേഷണത്തിനുത്തരവിട്ട ഹൈക്കോടതി വിധി സംസ്ഥാന സര്‍ക്കാറിനേറ്റ കനത്ത തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു. പെരിയ കേസ് സിബിഐക്ക് വിട്ട ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ കൊടുക്കാനുള്ള സര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹമാണ്. വേട്ടക്കാര്‍ക്കൊപ്പം സര്‍ക്കാര്‍ നിലകൊള്ളുകയാണെന്നും സംസ്ഥാനത്ത് നടക്കുന്നത് കാട്ടാള ഭരണമാണെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

വികസനമില്ലാത്ത നാടായി കേരളം മാറി യുഡിഎഫ് ആരംഭിച്ച പദ്ധതികള്‍ സര്‍ക്കാര്‍ ഉദ്ഘാടനം ചെയ്യുകയാണ്. അഴിമതി അരോപണം ഉയര്‍ന്ന കിഫ്ബി ഓഡിറ്റിങ്ങിന് വിധേയമാക്കാത്തത് അഴിമതി പുറത്ത് വരാതിരിക്കാനാണ്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും യുഡിഎഫ് വിജയിക്കും ഇന്ത്യയിലെ അവസാന കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ആയിരിക്കും പിണറായി – രമേശ് ചെന്നിത്തല കുടിച്ചേര്‍ത്തു. രാജ്യത്തെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നും കേന്ദ്ര സര്‍ക്കാറിനെതിരെ പ്രതികരിച്ചാല്‍ ഇപ്പോള്‍ തീഹാര്‍ ജയിലില്‍ അടക്കുകയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. യുഡിഎഫ് നേതാക്കളായ ബെന്നി ബെഹന്നാന്‍ എം പി, എ.പി അനില്‍കുമാര്‍ എംഎല്‍എ, കെ.ബാബു, അബ്ദുള്‍ മുത്തലിബ് തുടങ്ങിയവര്‍ പരിപാടിയില്‍ സംസാരിച്ചു.