കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് ആവലാതി; ധൂർത്തിന് മാത്രം ഒരു കുറവുമില്ല; വാഹനങ്ങള്‍ വാങ്ങിയതിന് ചെലവഴിച്ചത് 7 കോടി 12 ലക്ഷം രൂപ

Jaihind Webdesk
Thursday, December 2, 2021

തിരുവനന്തപുരം : സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്കിടെ ധൂര്‍ത്ത് തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ടൂറിസം വകുപ്പ് വാങ്ങിയത് 37 പുതിയ വാഹനങ്ങള്‍. വാഹനം വാങ്ങിയതിന് 7 കോടി 12 ലക്ഷം രൂപ ചെലവായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ ബാബു എംഎല്‍എയുടെ ചോദ്യത്തിന് മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടിയിലാണ് വിശദാംശങ്ങള്‍.

കൊവിഡ് മഹാമാരിയും പ്രകൃതി ദുരന്തങ്ങളും ഒപ്പം സര്‍ക്കാരിന്‍റെ അനാവശ്യ ചെലവുകളും കാരണം സംസ്ഥാനത്തിന്‍റെ സമ്പദ് വ്യവസ്ഥ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് പൂര്‍ണ്ണ തകര്‍ച്ചയില്‍ ആണ്. ഇതിനിടയിലാണ് സര്‍ക്കാര്‍ അധിക ധൂര്‍ത്ത് തുടരുന്നു എന്ന വിവരങ്ങള്‍ പുറത്തു വരുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ടൂറിസം വകുപ്പ്  37 പുതിയ വാഹനങ്ങളാണ് വാങ്ങിയത്. അതും 7 കോടി 12 ലക്ഷം രൂപ ചെലവഴിച്ച്. കെ ബാബു എംഎല്‍എയുടെ ചോദ്യത്തിന് മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യങ്ങള്‍ ഉള്ളത്.

മന്ത്രിമാരുടെ യാത്രയ്ക്കായുള്ള ഔദ്യോഗിക വാഹനം അനുവദിക്കുന്നത് ടൂറിസം വകുപ്പാണ്. ഇന്നോവ ക്രിസ്റ്റ മോഡലാണ് വാങ്ങിയ വാഹനങ്ങളില്‍ ഭൂരിഭാഗവും. സാധാരണയായി മന്ത്രിമാര്‍ക്കായി പ്രത്യേകം വാഹനങ്ങള്‍ വാങ്ങിക്കുന്നില്ല. പകരം മന്ത്രിമാര്‍ക്ക് വാഹനം ടൂറിസം വകുപ്പ് നല്‍കും. ചില മന്ത്രിമാര്‍ രണ്ട് വര്‍ഷം കഴിയുമ്പോള്‍ തന്നെ വാഹനങ്ങള്‍ മാറണമെന്ന താല്‍പര്യം പ്രകടിപ്പിക്കും. കഴിഞ്ഞ സര്‍ക്കാരില്‍ നിയമ മന്ത്രിയായ എകെ ബാലനും വ്യവസായമന്ത്രിയായ ഇപി ജയരാജനും വാഹനം മാറ്റി പുതിയ വാഹനം ടൂറിസം വകുപ്പില്‍ നിന്ന് വാങ്ങിയെന്നും മുഖ്യമന്ത്രിയുടെ മറുപടിയില്‍ ഉണ്ട്.

ഓഖി ദുരന്തം, പ്രളയം, കൊവിഡ് മഹാമാരി, കൂടാതെ സര്‍ക്കാരിന്‍റെ ധൂര്‍ത്തും പാഴ്‌ചെലവും മൂലം സംസ്ഥാനത്തിന്‍റെ സമ്പദ് വ്യവസ്ഥ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് പൂര്‍ണ്ണ തകര്‍ച്ചയില്‍ ആണ്. ഇന്ധന നികുതി കുറയ്ക്കാത്തതിന് കാരണമായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത് ഈ സാമ്പത്തിക പ്രതിസന്ധിയാണ്. എന്നാല്‍ സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലാണ് എന്നുപറയുന്ന അതേ സര്‍ക്കാര്‍ തന്നെയാണ് 7 കോടി 12 ലക്ഷം രൂപ മുടക്കി പുതിയ വാഹനങ്ങള്‍ വാങ്ങിയത് എന്നതാണ് വിരോധാഭാസം.