നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം; സി.ബി.ഐ അന്വേഷണത്തിന് തടയിടാന്‍ സര്‍ക്കാരിന്‍റെ കള്ളക്കളി

Jaihind Webdesk
Friday, July 26, 2019

Nedumkandam-custodymurdercase

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തിൽ സി.ബി.ഐ അന്വേഷണത്തിന് തടയിടാൻ സർക്കാർ കള്ളക്കളി. അന്വേഷണത്തിൽ പുരോഗതിയെന്ന് കാട്ടാൻ മൂന്ന് പോലീസുകാരെ കൂടി അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്തവരിൽ ഒരാൾക്ക് സംഭവവുമായി ബന്ധമില്ലെന്നും ആക്ഷേപമുണ്ട്.

സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായ രാജ്കുമാറിനെ ഉരുട്ടി കൊലപ്പെടുത്തിയ കേസിൽ സി.ബി.ഐ അന്വേഷണം ഒഴിവാക്കാനാണ് ക്രൈം ബ്രാഞ്ചിന്‍റെ അറസ്റ്റ് നാടകം. കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഒരാൾക്ക് സംഭവവുമായി ബന്ധമില്ല. രാജ്കുമാർ കൊല്ലപ്പെട്ട കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മയും ഭാര്യയും ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. സി.ബി.ഐ അന്വേഷണത്തെക്കുറിച്ച് സർക്കാരിന്‍റെ നിലപാട് കോടതി ആരാഞ്ഞതോടെയായിരുന്നു അന്വേഷണ പുരോഗതിയുണ്ടെന്ന് കാട്ടാനുള്ള ശ്രമം. ഇതിന് പിന്നാലെയാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. തിടുക്കത്തിൽ നടത്തിയ അറസ്റ്റ് നടപടിയാണ്ദുരൂഹതയുണർത്തുന്നത്.

ആരോപണ വിധേയരായ ഇടുക്കി മുൻ എസ്.പിയെയും, ഡി.വൈ.എസ്.പിയെയും രക്ഷിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ഈ അറസ്റ്റെന്നും ആരോപണമുയരുന്നു.സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചാൽ എസ്.പിയും ഡി.വൈ.എസ്.പിയും അറസ്റ്റിലാകും എന്ന് ഉറപ്പായതോണ് സർക്കാർ അന്വേഷണത്തിന് തടയിടാൻ ശ്രമിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തോളമായി സമ്മർദ്ദങ്ങൾക്ക് വഴങ്ങി നിലച്ച മട്ടിലായിരുന്നു അന്വേഷണം. കോടതി ഇടപെടലോടെ സി.ബി.ഐ അന്വേഷണത്തെ പ്രതിരോധിക്കാനാണ് പ്രധാന പ്രതികൾ പുറത്ത് നിൽക്കെ കേസുമായി ബനധമില്ലാത്തയാളെ അറസ്റ്റ് ചെയ്തത്. എസ്.പിക്കെതിരെ അന്വേഷണം തിരിഞ്ഞതോടെ ക്രൈംബ്രാഞ്ച് കടുത്ത സമ്മർദ്ദത്തിലായിരുന്നു. രാജ്കുമാറിന്‍റെ മൃതദേഹം റീ പോസ്റ്റ്‌മോർട്ടത്തിനുള്ള നടപടികളും നിലച്ച മട്ടിലാണ്.