നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ക്ലീനിംഗ് ജീവനക്കാരി രോഗിക്ക് കുത്തിവെപ്പ് എടുത്തു ; അന്വേഷണത്തിന് ഉത്തരവ്

Jaihind News Bureau
Saturday, January 11, 2020

ഇടുക്കി : നെടുംങ്കണ്ടം താലൂക്കാശുപത്രിയിൽ ക്ലീനിംഗ് ജീവനക്കാരി രോഗിക്ക് കുത്തിവെപ്പ് നടത്തി. സംഭവത്തിൽ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് ജില്ലാ ഭരണകൂടം. പ്രസവ ശസ്ത്രക്രിയയെ തുടർന്ന് ചികിത്സയിലുള്ള യുവതിക്കാണ് ശുചീകരണ തൊഴിലാളി കുത്തിവെപ്പ് എടുത്തത്.

ഗുരുതരമായ സംഭവമാണ് നെടുംങ്കണ്ടം താലൂക്കാശുപത്രിയിൽ നടന്നത്. പ്രസവ ശസ്ത്രക്രിയക്ക് ശേഷം ചികിത്സയിലായിരുന്ന ചേറ്റുകുഴി സ്വദേശി ബെന്നിയുടെ ഭാര്യയെയാണ് ആശുപത്രിയിലെ ക്ലീനിംഗ് ജീവനക്കാരി ചികിത്സ നല്‍കിയത്. കഴിഞ്ഞ എട്ടാം തീയതി രാത്രിയാണ് ഡ്യൂട്ടി നഴ്സിന്‍റെ നിർദേശപ്രകാരം യുവതിക്ക് ഇഞ്ചക്ഷൻ ചെയ്തത്. ഇതിന് പിന്നാലെ യുവതിക്ക് ശരീരവേദനയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്ന് ഭർത്താവ് ഡ്യൂട്ടി റൂമിൽ വിവരമറിയിച്ചു.

തങ്ങളുടെ കൂടെ നടന്ന് ഇവർ ഇഞ്ചക്ഷൻ നല്‍കാന്‍ പഠിച്ചതാണെന്നും പരാതിയുണ്ടെങ്കിൽ ആരോട് വേണമെങ്കിലും പറയാമെന്നുമായിരുന്നു നഴ്സിന്‍റെ മറുപടി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി യുവതിയുടെ ഭർത്താവ് അധികൃതർക്ക് പരാതി നൽകി. ജയ്ഹിന്ദ് ന്യൂസ് പുറത്ത് വിട്ടവാർത്തയെ തുടർന്ന് ഇടുക്കി ജില്ലാ ഭരണകൂടവും ജില്ലാ മെഡിക്കൽ ഓഫീസറും സംഭവം അന്വേഷിച്ച് നടപടിയെടുക്കാൻ ഉത്തരവിട്ടു.