പ്രതിഷേധങ്ങള്‍ക്ക് പുല്ലുവില ; കെ.എച്ച്.ആര്‍.ഡബ്ല്യു.എസിലും നോര്‍ക്കയിലും സ്ഥിരപ്പെടുത്തലിന് നീക്കം ; പട്ടികയിലേറെയും സിപിഎം അനുഭാവികള്‍

തിരുവനന്തപുരം: പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധം ശക്തമാകുന്നതിനിടയിലും അനധികൃത നിയമനം തുടര്‍ന്ന് ഇടത് സര്‍ക്കാര്‍. ആരോഗ്യവകുപ്പിന് കീഴിലെ കേരള ഹെല്‍ത്ത് റിസര്‍ച്ച് ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റിയിലും, പ്രവാസികാര്യ വകുപ്പിന് കീഴിലുള്ള നോര്‍ക്കയിലും താത്കാലികക്കാരെ സ്ഥിരപ്പെടുത്താനാണ് നീക്കം.

കെ.എച്ച്.ആര്‍.ഡബ്ല്യു.എസില്‍ 180 പേരെ സ്ഥിരപ്പെടുത്താനാണ് പുതിയ നീക്കം. ആരോഗ്യമന്ത്രി ചെയര്‍പേഴ്‌സണായ സൊസൈറ്റിയുടെ കീഴിലുള്ള സ്ഥാപനം ഇതിനായി ശുപാര്‍ശ നല്‍കി. ഭരണസമിതി അംഗീകരിച്ച ശുപാര്‍ശ മന്ത്രിയുടെ ഓഫീസില്‍നിന്ന് നിയമമന്ത്രിക്ക് കൈമാറി. നിയമവകുപ്പിന്‍റെ അഭിപ്രായത്തോടെ ശുപാര്‍ശ അടുത്ത മന്ത്രിസഭായോഗത്തിന്‍റെ പരിഗണനയ്ക്കെത്തും.

തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ മേഖലാ ഓഫീസുകളായിട്ടാണ് സൊസൈറ്റി പ്രവര്‍ത്തിക്കുന്നത്. ആരോഗ്യ സെക്രട്ടറിയാണ് സൊസൈറ്റി വൈസ് ചെയര്‍മാന്‍. ഇവിടത്തെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടിട്ടില്ല. എന്നാല്‍ സമാനസ്വഭാവമുള്ള സഹകരണ സ്ഥാപനങ്ങളില്‍ നിയമനം നടത്താനുള്ള റാങ്ക് പട്ടിക പി.എസ്.സി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ നോര്‍ക്ക റൂട്ട്‌സില്‍ ഏഴുപേരെ സ്ഥിരപ്പെടുത്താനും ശുപാര്‍ശയുണ്ട്. മുഖ്യമന്ത്രി ചെയര്‍മാനായ ഭരണസമിതിയാണ് നോര്‍ക്കയുടേത്.

10 വര്‍ഷത്തിലേറെയായി ജോലിചെയ്യുന്നവരാണിവരാണെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം. ഉന്നത സി.പി.എം ബന്ധമുള്ളവരാണ് ഭൂരിഭാഗം പേരും. ഭരണസമിതി അംഗീകരിച്ച ശുപാര്‍ശ മന്ത്രിസഭയുടെ പരിഗണനയിലെത്തും. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് നിയമനങ്ങള്‍ നടത്താനാണ് സാധ്യത.

Comments (0)
Add Comment