ശിവശങ്കറിനെതിരായ വിജിലന്‍സ് അന്വേഷണം ഒഴിവാക്കാന്‍ അണിയറ നീക്കം സജീവം; ധനവകുപ്പിന്‍റെ അന്വേഷണം ഇതിന്‍റെ ഭാഗം; അന്വേഷണ ചുമതല സിപിഎം അനുകൂല സർവീസ് സംഘടനയിലെ അംഗത്തിന്

 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെതിരായ വിജിലന്‍സ് അന്വേഷണം ഒഴിവാക്കാന്‍ അണിയറ നീക്കം സജീവം. ഈ നീക്കത്തിന്‍റെ ഭാഗമാണ് ശിവശങ്കറിനെതിരായ ധനവകുപ്പിന്‍റെ അന്വേഷണം. ശിവശങ്കറിന്‍റെ നിർദ്ദേശ പ്രകാരമാണ് സ്വപ്‌ന സുരേഷിനെ ഐ.ടി വകുപ്പിൽ നിയമിച്ചതെന്ന് ചീഫ് സെക്രട്ടറിയും ധനവകുപ്പ് സെക്രട്ടറിയും ഉൾപ്പെട്ട സമിതി കണ്ടെത്തിയിരുന്നു.

ധനകാര്യ പരിശോധന വിഭാഗത്തിന്‍റെ  തലവന്‍ സിപിഎം അനുകൂല സര്‍വീസ് സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍റെ സജീവ അംഗമാണ്. ഇത് അന്വേഷണം  അട്ടിമറിക്കാനാണെന്ന  കാര്യത്തില്‍ സംശയമില്ല. ഈ സംഘം അന്വേഷിച്ചാല്‍ സർക്കാരിനെ വെള്ളപൂശുന്ന റിപ്പോർട്ടാകും സമർപ്പിക്കുക എന്നാണ് ധനവകുപ്പിലുള്ളവർ തന്നെ പറയുന്നത്.

സ്വപ്ന സുരേഷിന്‍റെ അനധികൃത നിയമനത്തിലൂടെ സർക്കാരിന് ധനനഷ്ടമുണ്ടായിട്ടുണ്ട്. ഇതിന് ഒത്താശ ചെയ്തത് ഐ.ടി സെക്രട്ടറിയായിരുന്ന ശിവശങ്കറായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ തന്നെ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരുന്നതിനാല്‍ ശിവശങ്കറിനെതിരെ ഏതുനിമിഷവും വിജിലൻസ് അന്വേഷണം ഉണ്ടായേക്കാം.  അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ ആരെങ്കിലും സമീപിച്ചാൽ  ധനവകുപ്പിന്‍റെ അന്വേഷണം നടക്കുന്നുണ്ടെന്ന് പറഞ്ഞ് വിജിലൻസ് അന്വേഷണത്തെ ഒഴിവാക്കാം. അതേസമയം  ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്തിട്ടും മെമ്മോ ഉൾപ്പെടെ ഉള്ളവ നൽകിയിട്ടില്ല. സസ്‌പെൻഡ് ചെയ്ത് 30 ദിവസത്തിനുള്ളിൽ ഇത് നൽകിയില്ലെങ്കിൽ ശിവശങ്കറിന് തിരികെ സർവീസിൽ കയറാനാകും.

 

Comments (0)
Add Comment