സ്വര്‍ണ്ണക്കടത്ത്, ലൈഫ് മിഷന്‍: സ്വപ്നയും മന്ത്രി ഇ.പി. ജയരാജന്‍റെ മകനും തമ്മിലുള്ള അടുത്ത ബന്ധത്തിന്‍റെ തെളിവുകള്‍ അന്വേഷണ സംഘത്തിന്; ജയ്സണെ ഉടന്‍ ചോദ്യം ചെയ്തേക്കും| VIDEO

Jaihind News Bureau
Sunday, September 13, 2020

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം മന്ത്രിപുത്രനിലേക്കും. സ്വപ്നാ സുരേഷും മന്ത്രി ഇ.പി. ജയരാജന്‍റെ മകനും തമ്മിലുള്ള അടുത്ത ബന്ധത്തിന്‍റെ തെളിവുകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചു. ലൈഫ് മിഷന്‍ പദ്ധതിയില്‍ ജയരാജന്‍റെ മകന്‍ ജയ്‌സണ്‍ കോടികള്‍ കമ്മീഷന്‍ പറ്റിയെന്നാണ് സൂചന. ജയ്‌സണും യു.എ.എഫ്.എക്‌സ് ഡയറക്ടറും തമ്മിലുള്ള ബിസിനസ് പങ്കാളിത്തത്തിന്‍റെ വാര്‍ത്തകള്‍ ജയ്ഹിന്ദ് ന്യൂസ് നേരത്തെ പുറത്ത് വിട്ടിരുന്നു.

ലൈഫ് മിഷന്‍ പദ്ധതിയില്‍ കമ്മീഷനായി 4 കോടി രൂപയുടെ പങ്കു പറ്റിയവരില്‍ മന്ത്രി ഇ.പി ജയരാജന്റെ മകന്‍ ജയ്‌സണും ഉള്ളതായാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കു സൂചന ലഭിച്ചത്. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷും മന്ത്രിപുത്രനും തമ്മിലുള്ള അടുത്ത സൗഹൃദം വ്യക്തമാക്കുന്ന ചിത്രങ്ങളടക്കമാണ് ലഭിച്ചത്. തിരുവനന്തപുരത്ത് പമുഖ സിനിമാ താരങ്ങളുടെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ മുറിയില്‍ വച്ചുള്ളതാണ് ചിത്രങ്ങള്‍. ഇതു പരിശോധിക്കുകയാണെന്നും സ്വപ്നയുമായുള്ള ഇടപാടിനു കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ ജയ്‌സണെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നുമാണു വിവരം.

ലൈഫ് മിഷന്‍ ഇടപാടില്‍ കമ്മിഷനായി 4 കോടി രൂപ കൈമറിഞ്ഞതില്‍ മുഖ്യ പങ്ക് ജയ്‌സണ് ലഭിച്ചെന്നാണ് സൂചന. സ്വപ്ന സുരേഷും മന്ത്രിപുത്രനും മറ്റൊരു ഇടനിലക്കാരനും ആദ്യം ലഭിച്ച 2 കോടിയില്‍ 30 ലക്ഷം ഈ മൂന്നാമനു നല്‍കാമെന്നായിരുന്നു വാഗ്ദാനം. ഇതു ജയ്‌സണ്‍ ലംഘിച്ചതോടെയാണ് ചിത്രങ്ങള്‍ പുറത്തയത്. ഇതില്‍ ചിലത് അന്വേഷണ സംഘത്തിനും കിട്ടി. ലൈഫ് മിഷന്‍ ഇടപാടില്‍ യുണിടാക്കിന്റെയും റെഡ് ക്രസന്റിന്റെയും ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്നത് ജയ്‌സണാണെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. കണ്ണൂരില്‍ ചട്ടങ്ങള്‍ ലഖിച്ച ആയുര്‍വേദ റിസോര്‍ട്ടിന്റെ നടത്തിപ്പില്‍ അതിന്റെ ചെയര്‍മാനായ ഇപി ജയരാജന്റെ മകന്‍ വിവവാദത്തിലായിരുന്നു.

സ്വര്‍ണക്കടത്തു കേസില്‍ അന്വേഷണ പരിധിയിലുള്ള യുഎഎഫ്എക്‌സ് എന്ന വീസ സ്റ്റാംപിങ് ഏജന്‍സിയുടെ ഡയറക്ടറും ജയ്‌സണും തമ്മിലുള്ള ബിസിനസി പങ്കാളിത്തം നേരത്തെ ജയ്ഹിന്ദ് ന്യൂസ് പുറത്തുവിട്ടിരുന്നു. വീസ സ്റ്റാംപിങ് കരാര്‍ യുഎഎഫ്എക്‌സിനു നേടിക്കൊടുത്തതിന്റെ കമ്മിഷന്‍ പണമാണ് ബാങ്ക് ലോക്കറില്‍ നിന്നു കണ്ടെത്തിയതെന്നു സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്. മന്ത്രി കെടി ജലീലിനും ബിനീഷ് കോടിയേരിക്കും പിന്നാലെ ഇപി ജയരാജന്‍റെ മകനെയും അന്വേഷണ സംഘം ചോദ്യംചെയ്യാന്‍ ഒരുങ്ങുന്നത് സിപിഎമ്മിനെയും സര്‍ക്കാരിനെയും കൂടുതല്‍ പ്രതിരോധത്തിലാക്കുകയാണ്.

 

 

teevandi enkile ennodu para