സ്വര്‍ണ്ണക്കടത്ത്: സെക്രട്ടേറിയറ്റിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഉടൻ നൽകാനാവില്ലെന്ന് സർക്കാർ

Jaihind News Bureau
Wednesday, August 19, 2020

 

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട്  എൻഐഎ ആവശ്യപ്പെട്ട സെക്രട്ടേറിയറ്റിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഉടൻ നൽകാനാവില്ലെന്ന് പൊതു ഭരണ വകുപ്പ്.  വീണ്ടും ആവശ്യപ്പെടുകയാണെങ്കില്‍ നൽകുമെന്ന നിലപാടിലാണ് അധികൃതർ. കഴിഞ്ഞ മാസം 17ന് പൊതുഭരണ അഡീഷണൽ സെക്രട്ടറി പി. ഹണിക്കാണ് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് എന്‍ഐഎ നോട്ടീസ് നൽകിയത്. കഴിഞ്ഞ ഒരു വർഷത്തെ ദൃശ്യങ്ങള്‍ നൽകണമെന്നായിരുന്നു ആവശ്യം. നോട്ടീസിൽ തുടർ നടപടി സ്വീകരിക്കാൻ അഡീഷണൽ സെക്രട്ടറിക്ക് ചീഫ് സെക്രട്ടറി  അന്ന് നിർദ്ദേശവും നൽകി. എന്നാല്‍ ദൃശ്യങ്ങള്‍ പകർ‍ത്താനായുള്ള ഒരു നടപടിയും ഉണ്ടായില്ല.

വിദേശത്തു നിന്ന് പ്രത്യേക ഹാ‍ർഡ് ഡിസ്ക് വരുത്തണമെന്നും ഇതിനുവേണ്ടി സമയം നീട്ടിചോദിക്കുമെന്നുമാണ് പൊതുഭരണവകുപ്പ് മുന്‍പ് നല്‍കിയ വിശദീകരണം. എൻഐഎക്ക് സെക്രട്ടേറിയറ്റിലെ ഹാർഡ് ഡിസ്ക് നേരിട്ടെത്തി പരിശോധിക്കാമെന്ന് രേഖാമൂലം അറിയിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. എന്നാല്‍ ഒരു വിശദീകരണവും ഇതുവരെ  എൻഐഎക്ക് നൽകിയിട്ടില്ലെന്നാണ് വിവരം.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരായ തെളിവുകള്‍ അട്ടിമറിക്കാൻ ഭരണാനുകൂല സംഘടനാ നേതാവ് ശ്രമിക്കുന്നതായും  വിമർശനം ഉണ്ട്.  സ്വർണക്കടത്ത് കേസിലെ പ്രതികള്‍ക്ക് സെക്രട്ടേറിയറ്റിലുള്ള സ്വാധീനത്തിന്‍റെ തെളിവുതേടിയാണ് സിസിസിടിവി ദൃശ്യങ്ങള്‍ എൻഐഎ ആവശ്യപ്പെട്ടത്. സ്വപ്നയും സരിത്തും സെക്രട്ടറിയേറ്റിൽ സ്ഥിരമായി എത്തിയിരുന്നോ? എങ്കില്‍ ഏത് ഓഫീസിലായിരുന്നു പോയിരുന്നത് ?  സെക്രട്ടേറിയറ്റിൽ പ്രവേശിക്കാൻ ആരെങ്കിലും സഹായം നൽകിയിരുന്നോ ? തുടങ്ങിയ കാര്യങ്ങളുടെ തെളിവ് തേടിയാണ് എന്‍ഐഎ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടത്.