രാമനാട്ടുകര സ്വർണ്ണക്കടത്ത് : അന്വേഷണ സംഘത്തെ കൊലപ്പെടുത്താന്‍ ആസൂത്രണം നടത്തി പ്രതികള്‍

Jaihind Webdesk
Sunday, August 8, 2021

രാമനാട്ടുകര സ്വര്‍ണ കവര്‍ച്ചാ ശ്രമക്കേസിലെ അന്വേഷണ സംഘത്തെ വാഹനമിടിച്ചു കൊലപ്പെടുത്താൻ പ്രതികള്‍ പദ്ധതി ഇട്ടതായി പൊലീസിന് വിവരം ലഭിച്ചു. രേഖകളില്ലാത്ത വാഹനം ഉപയോഗിച്ച് കൊലപ്പെടുത്താൻ ആയിരുന്നു പദ്ധതി. സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സ്വര്‍ണ്ണക്കവര്‍ച്ചാ കേസില്‍ കസ്റ്റംസ് കസ്റ്റഡിയിലുള്ള അര്‍ജുന്‍ ആയങ്കിയെയും നേരത്തെ വാഹനം ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമം നടന്നിരുന്നു.

നേരത്തെ പിടിയിലായ റിയാസിന്‍റെ ഫോണ്‍ രേഖ പരിശോധിച്ചപ്പോഴാണ് അന്വേഷണ സംഘത്തെ തന്നെ അപായപ്പെടുത്താന്‍ ശ്രമം നടന്നുവെന്ന കാര്യം വ്യക്തമാക്കിയത്. തൃശൂര്‍ നിന്ന് നമ്പറും മറ്റ് രേഖകളും ഇല്ലാത്ത ലോറി എത്തിച്ച് അന്വേഷണ സംഘത്തെ കൊലപ്പെടുത്താന്‍ ആയിരുന്നു പ്രതികള്‍ പദ്ധതി ഇട്ടിരുന്നത്.

കേസിലെ പ്രതിയായ റിയാസിന്‍റെ വാട്സാപ്പില്‍ ഡിലീറ്റ് ചെയ്ത ചില സന്ദേശങ്ങള്‍ പൊലീസ് ബാക്കപ് ചെയ്തെടുത്തിരുന്നു. ഇതില്‍ നിന്നാണ് പ്രതികളുടെ ഗൂഢാലോചന സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുന്നത്.