ലോക കാലാവസ്ഥയിൽ ശക്തമായ വ്യതിയാനം

Jaihind Webdesk
Friday, February 8, 2019

ലോക കാലാവസ്ഥയിൽ ശക്തമായ വ്യതിയാനം അതിവേഗം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. അന്‍റാർട്ടിക്കയിലെയും ഗ്രീൻലൻഡിലെയും ദശാബ്ദങ്ങളായി തണുത്തുറഞ്ഞു കിടക്കുന്ന മഞ്ഞ് ഉരുകുന്നതിന്‍റെ വേഗം വർധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ 2065ഓടെ സമുദ്രനിരപ്പ് വലിയതോതിൽ ഉയരുമെന്നും കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു.

കൂറ്റൻ മഞ്ഞുമലകൾ ഉരുകി കടലിലെത്തുന്നതോടെ പ്രാദേശികതലത്തിൽ കാലാവസ്ഥാമാറ്റം അതിവേഗം പ്രകടമാകുമെന്നാണ് റിപ്പോർട്ട്. അടുത്ത നൂറ്റാണ്ടോടെ ഇതു പൂർണമാകുമെന്ന് ന്യൂസീലൻഡിലെ വെല്ലിങ്ടൺ സർവകലാശാല അന്റാർട്ടിക് റിസർച്ച് സെന്റർ നടത്തിയ പഠനത്തിൽ കണ്ടെത്തി. സമുദ്രജലപ്രവാഹത്തെയാണ് മഞ്ഞുരുകൽ കൂടുതലായി ബാധിക്കുക. 2065 ഓടെ സമുദ്ര നിരപ്പ് ക്രമാതീതമായി ഉയർന്നേക്കുമെന്നാണ് മുന്നറിയിപ്പ്.

Climate-change

ഗ്രീൻലൻഡിലെ കൊടുമുടിയിലുള്ള ഒരു മഞ്ഞുപാളി ഉരുകുന്നത് തെക്കോട്ട് അറ്റ്‌ലാന്റിക് സമുദ്രത്തിലേക്കു നീങ്ങുന്ന തണുത്ത ജലപ്രവാഹത്തെ ബാധിക്കും. വടക്കോട്ടു നീങ്ങുന്ന ജലത്തെ തീരത്തേക്കും അടുപ്പിക്കും. ഈ ലിക്വിഡ് കൺവേയർ ബെൽറ്റിനാണ് ഭൂമിയുടെ കാലാവസ്ഥാ സംവിധാനത്തിൽ നിർണായക പങ്ക്. ഉത്തരാർധഗോളത്തിൽ താപനില നിലനിർത്തുന്നതും ഈ ബെൽറ്റാണ്. എത്രപെട്ടെന്ന് മഞ്ഞ് ഉരുകുമെന്നാണ് ഗവേഷകരുടെ പഠനം. എന്നാൽ ഇതെങ്ങനെ കാലാവസ്ഥാ സംവിധാനത്തെ ബാധിക്കുമെന്ന കാര്യത്തിൽ വേണ്ടത്ര പഠനങ്ങൾ നടന്നിട്ടില്ല. എങ്കിലും വളരെ പെട്ടെന്ന് തന്നെ മഞ്ഞുരുകൽ സംഭവിക്കുമെന്നാണ് വിലയിരുത്തൽ.