‘ആക്സിഡന്‍റല്‍ പ്രൈം മിനിസ്റ്റര്‍ മുഴുവന്‍ നുണ’ ; മന്‍മോഹന്‍സിംഗിനെ പ്രശംസിച്ച് മുന്‍ ദേശീയസുരക്ഷാ ഉപദേഷ്ടാവ്

Jaihind Webdesk
Wednesday, January 16, 2019

ആക്സിഡന്‍റല്‍ പ്രൈം മിനിസ്റ്റര്‍ മുഴുവന്‍ നുണയെന്ന് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ നാരായണന്‍. ഡോ. മന്‍മോഹന്‍സിംഗിന്‍റെ നേതൃപാടവത്തെ പ്രശംസിച്ച അദ്ദേഹം പുസ്തകം രചിച്ച സഞ്ജയ് ബാരു അവസരത്തിനൊത്ത് നിറം മാറുന്നയാളെന്നും പ്രതികരിച്ചു. കൊൽക്കത്തയിൽ ഭാരത് ചേംബർ ഓഫ് കൊമേഴ്സിന്‍റെ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

2005-2010 കാലയളവില്‍ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്നു നാരായണൻ. ബംഗാള്‍ ഗവര്‍ണറായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യ-യു.എന്‍ ആണവക്കരാറിലും നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.

ബി.ജെ.പിയുടെ പിന്തുണയോടെ കോണ്‍ഗ്രസിനെതിരെ പുറത്തിറക്കിയ ചിത്രമായിരുന്നു ദ ആക്സിഡന്‍റല്‍ പ്രൈം മിനിസ്റ്റര്‍. സിനിമയ്ക്ക് ആധാരമാക്കിയ ‘ദി ആക്സിഡന്‍റൽ പ്രൈം മിനിസ്റ്റർ: ദി മേക്കിംഗ് ആൻഡ് അൺമേക്കിംഗ് ഓഫ് മൻമോഹൻ സിംഗ്’ എന്ന പുസ്തകം 80 ശതമാനവും തെറ്റാണ്. പുസ്തകം രചിച്ച സഞ്ജയ് ബാരു അവസരത്തിനൊത്ത് നിറം മാറുന്നയാളാണെന്നും എം.കെ നാരായണന്‍ പറഞ്ഞു. 2004-2008 കാലയളവില്‍ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്‍റെ മാധ്യമ ഉപദേഷ്ടാവായിരുന്നു സഞ്ജയ് ബാരു. 2014 ലാണ് സഞ്ജയ് ബാരുവിന്‍റെ പുസ്തകം ‘ദി ആക്സിഡന്‍റൽ പ്രൈം മിനിസ്റ്റർ: ദി മേക്കിംഗ് ആൻഡ് അൺമേക്കിംഗ് ഓഫ് മൻമോഹൻ സിംഗ്’ പുറത്തിറക്കിയത്.

തരംപോലെ നിറം മാറുന്നയാണ് സഞ്ജയ് ബാരു. അയാളെക്കുറിച്ച് സംസാരിക്കാന്‍ പോലും ആഗ്രഹിക്കുന്നില്ല. ആക്സിഡന്‍റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന അയാളുടെ പുസ്തകം മുഴുമനും നുണയാണ്. ഒരു മൂന്നാം തരം പുസ്തകമാണതെന്നും എം.കെ നാരായണന്‍ പറഞ്ഞു. മാധ്യമ ഉപദേഷ്ടാവ് സര്‍ക്കാരിലെ വലിയൊരാളൊന്നുമല്ല. കാര്യമായി അയാള്‍ക്ക് പണിയുമുണ്ടായിരുന്നില്ല. സര്‍ക്കാരിന്‍റെ ഭാഗമായിരുന്നവരോട് ചോദിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. യു.പി.എ സര്‍ക്കാര്‍ രണ്ടാമതും അധികാരത്തിലെത്തില്ലെന്ന് ആരോ പറഞ്ഞതിനെ തുടര്‍ന്ന് 2008 ആയപ്പോഴേക്കും അയാള്‍ സര്‍ക്കാറില്‍ നിന്ന് പിന്മാറി. പിന്നീട് 2014 ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് പണമുണ്ടാക്കാന്‍ വേണ്ടി മാത്രമാണ് അയാള്‍ ഈ നുണകള്‍ ചേര്‍ത്ത പുസ്തകം എഴുതിയത്. പണം ഉണ്ടാക്കുന്നതിനായി ബാരുവിന്‍റെ മാത്രം കാഴ്ചപ്പാടുകള്‍ നുണയില്‍ ചാലിച്ച് എഴുതിയപ്പോള്‍ പണമുണ്ടാക്കുക എന്നതില്‍ അയാള്‍ വിജയിച്ചു. പക്ഷേ അയാളെക്കുറിച്ചുള്ള മറ്റുള്ളവരുടെ കാഴ്ചപ്പാട് വ്യത്യസ്തമാണ് – എം.കെ നാരായണന്‍ പറഞ്ഞു.

അതേസമയം മുന്‍ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്‍റെ നേതൃപാടവത്തെ എം.കെ നാരായണന്‍ വാനോളം പ്രശംസിച്ചു. മന്‍മോഹന്‍സിംഗ് എടുത്ത ഉറച്ച നിലപാടാണ് ഇന്ത്യ-യു.എന്‍ ആണവ കരാര്‍ യാഥാര്‍ഥ്യമാക്കിയത്. ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചപ്പോഴും അദ്ദേഹം തന്‍റെ നിലപാടില്‍ ശക്തമായി ഉറച്ചുനിന്നു. മൻമോഹൻ സിംഗ് അല്ലായിരുന്നെങ്കിൽ ആ കരാർ യാഥാര്‍ഥ്യമാകില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം മറ്റുള്ളവരില്‍ നിന്ന് നേടിയെടുത്ത ബഹുമാനമാണ് ആ ഇടപാട് യാഥാര്‍ഥ്യമാകാന്‍ കാരണമായതെന്നും എം.കെ നാരായണന്‍ വ്യക്തമാക്കി. ഇതോടെ ആക്സിഡന്‍റല്‍ പ്രൈം മിനിസ്റ്റര്‍ സിനിമയെ തെരഞ്ഞെടുപ്പിന് ഉപയോഗിക്കാനുള്ള ബി.ജെ.പിയുടെ കുടിലതന്ത്രമാണ് പൊളിഞ്ഞത്.[yop_poll id=2]