മന്‍മോഹന്‍ സിംഗ് വിജയം വരിച്ച പ്രധാനമന്ത്രി; പ്രശംസയുമായി ശിവസേന എം.പി സഞ്ജയ് റാവത്ത്

Jaihind Webdesk
Saturday, January 5, 2019

മുംബൈ: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ആക്‌സിഡന്റല്‍ പ്രധാനമന്ത്രിയായിരുന്നില്ലെന്നും വിജയം വരിച്ച പ്രധാനമന്ത്രിയായിരുന്നുവെന്നുമുള്ള പ്രശംസയുമായി ശിവസേന എം.പി. സഞ്ജയ് റാവത്ത് രംഗത്ത്. മന്‍മോഹന്‍സിംഗിന്‍റെ ജീവചരിത്രമെന്ന പ്രചാരണത്തോടെ പുറത്തിറങ്ങാനിരിക്കുന്ന ‘ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു സഞ്ജയ് റാവത്ത്.
‘പത്ത് വര്‍ഷം തുടര്‍ച്ചയായി രാജ്യം ഭരിക്കുകയും ജനങ്ങള്‍ സ്‌നേഹിക്കുകയും ചെയ്യുന്ന ഒരു നേതാവ് എങ്ങനെ ആക്‌സിഡന്റല്‍ പ്രധാനമന്ത്രിയാകും. നരസിംഹ റാവുവിന് ശേഷം രാജ്യം കണ്ട വിജയിച്ച പ്രധാനമന്ത്രിയാണ് മന്‍മോഹന്‍സിങ്’ സഞ്ജയ് റൗത്ത് വ്യക്തമാക്കി. മന്‍മോഹന്‍ സിംഗിന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ചിത്രം ‘ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടക്കുന്ന വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും പിന്നാലെയാണ് മന്‍മോഹന്‍ സിംഗിനെ പിന്തുണച്ച് സഞ്ജയ് റാവത്ത് രംഗത്തെത്തിയത്.
ബി.ജെ.പിയുമായുള്ള എതിര്‍പ്പ് നേരത്തെ പ്രകടിപ്പിച്ച റാവത്ത്, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. രാഹുല്‍ ഗാന്ധി ജനങ്ങള്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നുണ്ടെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.