കൊടും വഞ്ചനയെന്ന് കോവൂര്‍ കുഞ്ഞുമോന്‍; നിരാശയില്‍ ജാനു; പിള്ളയുടെ 47 ശതമാനത്തിലും തര്‍ക്കം

നാല് കക്ഷികളെ ഉള്‍പ്പെടുത്തി ഇടതുമുന്നണി വിപുലീകരിച്ചപ്പോള്‍ കൊടും ചതിയാണ് തന്നോടും തന്‍റെ പാര്‍ട്ടിയോടും ചെയ്തതെന്ന് കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ. ഇടതുമുന്നണിയില്‍ പ്രവേശനം കാത്തുനിന്ന നേതാവാണ് കുഞ്ഞുമോനും പാര്‍ട്ടിയും. ഇടതുപക്ഷ നയവുമായി ബന്ധമില്ലാത്തവരെയാണ് ഇപ്പോള്‍ മുന്നണിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളതെന്നും കുഞ്ഞുമോന്‍ കുറ്റപ്പെടുത്തുന്നു. ഭാവി പരിപാടികള്‍ ആലോചിക്കാന്‍ ആര്‍.എസ്.പി ലെനിനിസ്റ്റിന്‍റെ സംസ്ഥാനസമിതിയോഗം വിളിച്ചുചേര്‍ക്കുമെന്നും കോവൂര്‍ കുഞ്ഞുമോന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കുഞ്ഞുമോനെപ്പോലെ മുന്നണിപ്രവേശം കാത്തിരുന്ന സി.കെ ജാനുവും നിരാശയിലാണ്. ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ വിട്ടതുതന്നെ സി.പി.എം നേതാക്കളുടെ ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നായിരുന്നുവെന്ന് ജാനു അടുത്ത സഹപ്രവര്‍ത്തകരോട് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ എവിടെയുമില്ലാത്ത അവസ്ഥയിലാണ് സി.കെ ജാനു. അതേസമയം മുന്നണിയില്‍ പ്രവേശനം ലഭിച്ച ആര്‍ ബാലകൃഷ്ണപിള്ളയുടെ ചില അവകാശവാദങ്ങളില്‍ ഇടതുമുന്നണിയിലെ ചില ഘടകക്ഷികള്‍ അസംതൃപ്തരാണ്.

മുന്നണിയില്‍ ഉള്‍പ്പെടുത്തിയ തീരുമാനം വന്ന ഉടനെതന്നെ ഇതിനെ സ്വാഗതംചെയ്തുകൊണ്ട് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പിള്ള നടത്തിയ അവകാശവാദമാണ് മുന്നണിയിലെ ഘടകക്ഷിനേതാക്കള്‍ തന്നെ ചോദ്യം ചെയ്യുന്നത്. തന്‍റെ പാര്‍ട്ടിയടക്കം നാല് പാര്‍ട്ടികള്‍ ഇടതുമുന്നണിയിലേക്ക് വരുമ്പോള്‍ 47 ശതമാനം വോട്ട് ഇടതുമുന്നണിക്ക് കൂടുതല്‍ ലഭിക്കുമെന്നാണ് പിള്ള പ്രഖ്യാപിച്ചുകളഞ്ഞത്. ഇതിന് പരിഹാസരൂപേണ ഇടതുമുന്നണിയിലെ തന്നെ ചില നേതാക്കള്‍ ചോദിച്ചത് പിള്ളയും മകനും കഴിഞ്ഞാല്‍ 45 പേര്‍ പാര്‍ട്ടിയിലുണ്ടോ എന്നാണ്. എന്തായാലും പിള്ളയുടെ തുടക്കം തന്നെ മുന്നണിയുടെ പ്രതിഛായയെ ബാധിച്ചതായി ഇവര്‍ അടക്കംപറയുന്നുമുണ്ട്.

ldf expansionkovoor kunjumon
Comments (0)
Add Comment