ഒന്നും ശരിയാകാത്ത നാല് വര്‍ഷങ്ങള്‍… എടുത്തുപറയാന്‍ ഒരു അഭിമാന പദ്ധതി പോലും ഇല്ലാതെ പിണറായി സർക്കാർ | Video Story

Jaihind News Bureau
Monday, May 25, 2020

pinarayi vijayan

പിണറായി സർക്കാർ അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോഴും എടുത്ത് കാണിക്കാൻ ഒരു അഭിമാന പദ്ധതി പോലും ഇല്ല എന്നത് സർക്കാരിനും മുന്നണിക്കും വെല്ലുവിളിയാകുന്നു. 25 ലക്ഷം പേർക്ക് തൊഴിൽ, 1,500 സ്റ്റാർട്ടപ്പുകൾ എന്നു തുടങ്ങി 600 ഓളം വികസന പദ്ധതികൾ പ്രകടനപത്രികയിലൂടെ ജനങ്ങൾക്ക് മുന്നിൽ വെച്ച് അധികാരത്തിലെത്തിയ ഇടത് സർക്കാരിന്‍റെ വികസന നേട്ടം പക്ഷെ വട്ടപൂജ്യമാണ്. വികസന കലണ്ടറും വർഷം തോറുമുള്ള വിലയിരുത്തലും പ്രകടനപത്രികയിൽ മാത്രം ഒതുങ്ങി.

ഇടതുമുന്നണി സർക്കാർ അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോള്‍ വികസന കാര്യത്തിൽ നാടിനെ മറന്ന നാല് വർഷങ്ങളാണ് കടന്നു പോയത്. 4 വർഷം കേരളത്തിന് പാഴായി എന്ന് മാത്രമല്ല വികസന രംഗത്ത് കാതങ്ങളോളം പിന്നിലാവുകയും, തലമുറകളോളം കേരളം കടത്തിൽ മുങ്ങുകയും ചെയ്തു. പേരിന് ഒരു പദ്ധതി എടുത്തുകാട്ടാൻ പിണറായി സർക്കാരിനില്ല. ഓരോ ബജറ്റ് പ്രസംഗവും വമ്പൻ പ്രഖ്യാപനങ്ങളുടെ ശവപ്പറമ്പായി. വികസന സ്തംഭനം നേരിടാൻ ആവിഷ്കരിച്ച കിഫ്ബി, കടമെടുക്കാനുള്ള തട്ടിപ്പ് പദ്ധതിയായി മാറിയിരിക്കുന്നു.

നവകേരള സൃഷ്ടിക്കായുള്ള ഉറച്ച കാൽവെപ്പ് എന്ന ഇടത് സർക്കാരിന്‍റെ മുദ്രാവാക്യം 4 വർഷമായിട്ടും, കേവലം മുദ്രാവാക്യത്തിൽ മാത്രമായി ഒതുങ്ങി. ലൈഫ് മിഷന് കീഴിൽ 2 ലക്ഷത്തോളം വീടുകൾ പൂർത്തിയാക്കി എന്ന് സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും, താക്കോൽ കൈമാറിയത് 10,000 ത്തിൽ താഴെ മാത്രം. അതും പാർട്ടി അനുഭാവികളെ തെരഞ്ഞുപിടിച്ച് തയാറാക്കിയ പദ്ധതിയെന്ന ആരോപണവുമുണ്ട്.

ഉമ്മൻചാണ്ടി സർക്കാർ 90 ശതമാനവും പൂർത്തിയാക്കിയ ചില പദ്ധതികൾ ഉദ്ഘാടനം നടത്തിയത് ഒഴിച്ചാൽ, വികസന പ്രോഗ്രസ് കാർഡിൽ പിണറായി സർക്കാരിന്‍റെ മാർക്ക് വട്ട പൂജ്യമാണ്. ഈ സർക്കാർ അധികാരത്തിൽ എത്തിയ ശേഷം ഉദ്ഘാടനം ചെയ്ത രണ്ട് വൻകിട പദ്ധതികൾ കൊച്ചി മെട്രോയും, കണ്ണൂർ വിമാനത്താവളവുമാണ്. രണ്ട് പദ്ധതികളിലും മുൻ യു.ഡി.എഫ് സർക്കാരിന്‍റെ കയ്യൊപ്പ് പതിഞ്ഞതാണെന്ന് നിസംശയം പറയാം.

സർക്കാർ അവസാന വർഷത്തിലേക്ക് കടക്കുമ്പോഴും എടുത്ത് കാണിക്കാൻ ഒരു അഭിമാന പദ്ധതി പോലും ഇല്ലാത്തത് ഇടത് അണികളെ പോലും നിരാശരാക്കുന്നു. വികസന പദ്ധതികളോട് മുഖം തിരിഞ്ഞ് നിൽക്കുന്നതാണ് ഈ സർക്കാരിന്‍റെ സമീപനം. കാസർഗോഡ് മെഡിക്കൽ കോളേജ് തന്നെയാണ് ഏറ്റവും വലിയ ഉദാഹരണം. യു.ഡി.എഫ് സർക്കാർ തുടക്കമിട്ട പദ്ധതി ഒരിഞ്ച് പോലും പിന്നെ മുന്നോട്ട് പോയില്ല. കൊവിഡ് കാലത്ത് കർണാടകം മംഗളുരു അതിർത്തി അടച്ചതോടെയാണ് കാസർഗോഡ് മെഡിക്കൽ കോളേജിനെക്കുറിച്ച് ഇടത് സർക്കാരിന് ബോധോദയം ഉണ്ടായത്.

കാലാവധി തീരാൻ ഒരു വർഷം മാത്രം ബാക്കി നിൽക്കെ, തൊട്ടതെല്ലാം പിഴച്ചു പോയ അവസ്ഥയിലാണ് ഇടതു സർക്കാരിന്‍റെ യാത്ര. ഭരണപരമായ തീരുമാനങ്ങൾ എടുക്കുന്നതിലെ വീഴ്ചയും പാളിച്ചകളും കാലതാമസവുമാണ് നാലു വർഷം പൂർത്തിയാക്കുന്ന പിണറായി വിജയൻ സർക്കാരിൽ തെളിഞ്ഞ് കാണുന്നത്. ഇനിയുള്ള ഒരു വർഷത്തിൽ, തദ്ദേശ – നിയമസഭാ തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടുള്ള ചില വികസന പ്രഖ്യാപനങ്ങൾ പിണറായി വിജയൻ സർക്കാരിൽ നിന്നും പ്രതീക്ഷിക്കാം എന്നുമാത്രം. പക്ഷെ, കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിക്കിടയിൽ പഴയതും പുതിയതുമായ പദ്ധതികൾ എങ്ങനെ മുന്നോട്ടു പോകും എന്ന് കാത്തിരുന്നു കാണണം. ചുരുക്കത്തിൽ എല്‍.ഡി.എഫ് വന്നു ഒന്നും ശരിയായില്ല എന്ന് ഇടത് അനുഭാവികൾ തന്നെ തിരുത്തിപ്പറഞ്ഞ് തുടങ്ങിയിരിക്കുന്നു.