ബംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ നാല് സഹപാഠികള്‍ പിടിയില്‍

Jaihind Webdesk
Tuesday, December 18, 2018

കണ്ണൂര്‍: ബംഗളൂരുവില്‍ മലയാളി വിദ്യൂര്‍ത്ഥി കൊല്ലപ്പെട്ട സംഭവത്തില്‍ സഹപാഠികളായ നാലുപേര്‍ പിടിയില്‍. തളിപ്പറമ്പ് കീഴാറ്റൂര്‍ സ്വദേശി അര്‍ജുനെ കൊലപ്പെടുത്തിയത് കോളജിലെ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചും വെട്ടിയുമെന്നാണ് പ്രാഥമിക നിഗമനം. അര്‍ജുന്‍ ബൈക്കപകടത്തില്‍ മരിച്ചുവെന്നായിരുന്നു കോളേജ് അധികൃതര്‍ വീട്ടുകാരെ അറിയിച്ചിരുന്നത്. ബന്ധുക്കളുടെ സംശയത്തെത്തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന വിവരം പുറത്തറിയുന്നത്. ബംഗളൂരു യലഹങ്ക പോലീസാണ് നാലു വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കീഴാറ്റൂരിലെ പുതിയ പുരയില്‍ കെ.പി. പ്രഭാകരന്‍-സുരേഖ ദമ്പതികളുടെ ഏക മകനാണ് അര്‍ജുന്‍ പ്രഭാകരന്‍ (22).

മരണവിവരം അറിഞ്ഞ് ബംഗളൂരുവിലെത്തിയ ബന്ധുക്കള്‍ അര്‍ജുന്റെ മൃതദേഹത്തിലെ മര്‍ദ്ദനമേറ്റ പാടുകളും അസാധാരണ മുറിവുകളിലും ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരണം അപകടത്തിലായിരുന്നില്ല കൊലപാതകമായിരുന്നുവെന്ന് കണ്ടെത്തുകയായിരുന്നു.

അര്‍ജുന്‍ പഠിക്കുന്ന യലഹങ്ക കോളജിലെ വിദ്യാര്‍ത്ഥികളായ നാലു പേരാണ് കസ്റ്റഡിയിലുള്ളത്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഇന്നലെ രാവിലെ നാട്ടിലെത്തിച്ച മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു. അര്‍ജുനും മറ്റുചില മലയാളി വിദ്യാര്‍ത്ഥികളുമായി പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഇതില്‍ പരാതി നല്‍കിയ വിരോധത്തില്‍ ഭീഷണി നിലവിലുള്ളതായി അര്‍ജുന്‍ പറഞ്ഞിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചു. ബന്ധുക്കളുടെ സംശയത്തെ തുടര്‍ന്ന് ജയിംസ് മാത്യു എം എല്‍ എ മുഖേന മുഖ്യമന്ത്രി പിണറായി വിജയനെ ബന്ധപ്പെടുകയും അദ്ദേഹം കര്‍ണാടക മുഖ്യമന്ത്രി, ഡി ജി പി എന്നിവരുമായും ടെലിഫോണ്‍ മുഖേന ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്. മാറസാന്ദ്ര എച്ച് 3 ബ്ലോക്കിലെ അപ്പാര്‍ട്ട്മെന്റിലായിരുന്നു അര്‍ജുനും സുഹൃത്തുക്കളും താമസിച്ചിരുന്നത്. കുറച്ചുദിവസംമുന്‍പ് ചില യുവാക്കള്‍ അപ്പാര്‍ട്ട്മെന്റില്‍ അതിക്രമിച്ചുകയറി.

മുറിയില്‍ കഞ്ചാവ് കൊണ്ടുവെച്ചശേഷം ഫോട്ടോ എടുക്കുകയും പോലീസില്‍ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി അര്‍ജുന്റെ സുഹൃത്തുക്കള്‍ പറയുന്നു. രണ്ടുദിവസം മുറിയില്‍ പൂട്ടിയിട്ട് ഉപദ്രവിക്കുകയും ആറു മൊബൈല്‍ ഫോണുകളും അഞ്ച് ബൈക്കുകളും പണവും തട്ടിയെടുക്കുകയും ചെയ്തു. രണ്ടുപേരെ സംഘം അവരുടെ മുറിയില്‍ കൊണ്ടുപോയി പൂട്ടിയിട്ട് മര്‍ദിക്കുകയും ചെയ്തു.ഇവരുടെ കൈവശമുണ്ടായിരുന്ന ഒരു ഫോണ്‍ അക്രമി സംഘം കണ്ടിരുന്നില്ല. ഇതുപയോഗിച്ച് പോലീസിനെയും സുഹൃത്തുക്കളെയും വിവരം അറിയിച്ചു. ഇതനുസരിച്ച് പോലീസെത്തി അക്രമിസംഘത്തിലെ നാലുപേരെ പിടികൂടി സ്റ്റേഷനിലെത്തിച്ചെങ്കിലും കേസെടുക്കാതെ വിട്ടയക്കുകയായിരുന്നുവെന്ന് അര്‍ജുന്റെ സുഹൃത്തുക്കള്‍ പറയുന്നു. പോലീസില്‍ പരാതിനല്‍കിയിരുന്നെങ്കിലും സ്വീകരിച്ചില്ലെന്നും ഇവര്‍ ആരോപിച്ചു.