മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ കെ.എം ഹംസക്കുഞ്ഞ് അന്തരിച്ചു

Jaihind Webdesk
Friday, May 14, 2021

മുൻ മട്ടാഞ്ചേരി എം.എൽ.എയും കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കറുമായ മുതിര്‍ന്ന മുസ്‍ലിം ലീഗ് നേതാവ് കെ.എം ഹംസക്കുഞ്ഞ് അന്തരിച്ചു. 84 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

1966ൽ എറണാകുളം മുൻസിപ്പൽ കൗൺസിൽ അംഗമായി. തുടർന്ന് കൊച്ചി കോർപ്പറേഷൻ രൂപീകരിച്ചപ്പോൾ 1969ൽ നടന്ന തെരഞ്ഞെടുപ്പിൽ കോർപ്പറേഷൻ കൗൺസിൽ അംഗമായി. 1973 മുതൽ രണ്ടര വർഷം കൊച്ചി കോർപ്പറേഷൻ മേയറായിരുന്നു. കേരള ടൂറിസം ഡെവലപ്മെന്‍റ് കോർപ്പറേഷൻ, ജിസിഡിഎ അതോറിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

ഇന്ത്യൻ മുസ്‍ലിം ലീഗിന്‍റെ എറണാകുളം ജില്ലാ സെക്രട്ടറിയായി 1975ൽ തെരഞ്ഞെടുക്കപ്പെട്ടു. മുസ്‍ലിം ലീഗിന്‍റെ പ്രതിനിധിയായിഏഴാം നിയമസഭയിലേയ്ക്ക് മട്ടാഞ്ചേരിയിൽനിന്നു തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് 1982ൽ ഡപ്യൂട്ടി സ്പീക്കറായി. 1986ൽ  പദവിയിൽനിന്നു രാജിവെച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് തോട്ടത്തുംപടി ജുമാ മസ്ജിദിൽ നടക്കും.