ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിമാനസര്‍വീസ് പുനരാരംഭിക്കുന്നു ; ജൂലൈ 12 മുതല്‍ 26 വരെയുള്ള പട്ടികയുമായി എയര്‍ഇന്ത്യ എക്‌സ്പ്രസ്സ്

Jaihind News Bureau
Thursday, July 9, 2020

ദുബായ് : വലിയ ഇടവേളയ്ക്ക് ശേഷം ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിമാനസര്‍വീസ് പുനരാരംഭിക്കുന്നു. ഇതനുസരിച്ച്, ജൂലൈ 12 ഞായാറാഴ്ച മുതല്‍ 26 വരെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. കൊവിഡ്  ലോക്ക്ഡൗണ്‍ കാരണം ഇന്ത്യയില്‍ കുടുങ്ങിയ ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ഇത് ആശ്വാസം പകരും.

വന്ദേഭാരത് ദൗത്യത്തിന്‍റെ ഭാഗമായുള്ള വിമാനങ്ങളാണ് സര്‍വീസ് നടത്തുക. ഇതനുസരിച്ച്, ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് വെബ്‌സൈറ്റില്‍ പേര് റജിസ്റ്റര്‍ ചെയ്ത, യുഎഇ താമസ വീസയുള്ളവര്‍ക്ക് മാത്രമാണ് യാത്രാ അനുമതി നല്‍കുക. വിമാനം പുറപ്പെടുന്നതിന് 96 മണിക്കൂറിനുള്ളില്‍ ലഭിച്ച കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വിമാനത്താവളങ്ങളില്‍ ഹാജരാക്കണം. ആരോഗ്യവിവരം വ്യക്തമാക്കുന്ന ഫോം പൂരിപ്പിച്ച് വിമാനത്താവളത്തില്‍ കൈമാറിയിരിക്കണമെന്നും അധികൃതര്‍ നിര്‍ദേശിക്കുന്നു. എയര്‍ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റ്, അംഗീകൃത ഏജന്‍സി എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. ഇന്ത്യയില്‍ വിമാനയാത്ര നിയന്ത്രണം ഏര്‍പ്പെടുത്തിയശേഷം ആദ്യമായാണ് മറ്റൊരു രാജ്യത്തേക്ക് വിമാനസര്‍വീസ് ആരംഭിക്കുന്നത്.