പുത്തുമല ഉരുള്‍പൊട്ടല്‍: തെരച്ചില്‍ ഇന്ന് അവസാനിപ്പിക്കും; ഇനിയും കണ്ടെത്താനുള്ളത് അഞ്ച് പേരെ

Monday, August 26, 2019

രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം പുത്തുമലയില്‍ ഫയര്‍ ആന്‍റ് റെസ്‌ക്യു സേനാംഗങ്ങളുടെ നേതൃത്വത്തില്‍ ഇന്ന് ഒരിക്കല്‍ കൂടി തെരച്ചില്‍ നടത്തും. കാണാതായവരിൽ ഒരാളുടെ ബന്ധുക്കൾ ആവശ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് ഇന്നത്തെ തെരച്ചിൽ നടത്തുന്നത്. അതേസമയം എൻ.ഡി.ആർ.എഫ് സംഘം നേരത്തെ തന്നെ തെരച്ചിൽ നിർത്തി മടങ്ങിയിരുന്നു. ഇനി അഞ്ച് പേരെയാണ് കണ്ടെത്താനുള്ളത്.

വൻ ദുരന്തം സംഭവിച്ച പുത്തുമലയിൽ കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നത്തോടെ അവസാനിപ്പിക്കും. ആകെ കാണാതായ 17 പേരിൽ പതിനൊന്ന് പേരെയാണ് ഇത് വരെ കണ്ടത്തിയിട്ടുള്ളത്. ഇനി അഞ്ച് പേരെ കണ്ടെത്താനുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇനി കണ്ടത്താനുള്ള അഞ്ച് പേരുടെയും ബന്ധുക്കളുമായി കളക്ടറും ജനപ്രതിനിധികളും നടത്തിയ ചർച്ചയിൽ  നാലുപേരുടെ ബന്ധുക്കളും തെരച്ചിൽ നിർത്തുന്നതിനോട് യോജിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ ദേശീയ ദുരന്ത നിവാരണ സേന തെരച്ചില്‍ അവസാനിപ്പിച്ച് നേരത്തെ മടങ്ങിയിരുന്നു.

ഇനിയും കണ്ടെത്താനുള്ള മുത്തറത്തൊടിയില്‍ ഹംസയുടെ മകന്‍റെ ആവശ്യപ്രകാരം പുത്തുമലയില്‍ ജുമാമസ്ജിദ് ഉണ്ടായിരുന്ന ഭാഗത്താണ് ഇന്ന് തെരച്ചില്‍ നടക്കുന്നത്. ഇന്നത്തെ തെരച്ചിലിലാണ് കണ്ടെത്താനുള്ള അഞ്ചുപേരെക്കുറിച്ച്  പ്രതീക്ഷ നിലനിൽക്കുന്നത്. ആരെയും കണ്ടെത്താനായില്ലെങ്കില്‍ ആ അഞ്ചുപേര്‍ ഇനി വേദനപ്പെടുത്തുന്ന ഓര്‍മ്മയായി മാറും. പുത്തുമല നാച്ചിവീട്ടില്‍ അവറാന്‍, കണ്ണന്‍കാടന്‍ അബൂബക്കര്‍, എടക്കണ്ടത്തില്‍ നബീസ, സുവര്‍ണയില്‍ ഷൈല, മുത്താറത്തൊടി ഹംസ എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്.