ആശങ്ക വിതച്ച് കണ്ണൂരിലെ മലയോര മേഖലകളിൽ ഭൂമിയിൽ വിള്ളൽ

പേമാരിക്കും വെള്ളപ്പൊക്കത്തിനും പിന്നാലെ കണ്ണൂർ ജില്ലയിലെ മലയോര മേഖലകളിലെ വിവിധ ഭാഗങ്ങളിൽ  ഭൂമിയിൽ വിള്ളൽ പ്രത്യക്ഷപ്പെട്ടത് നാട്ടുകാരിൽ ആശങ്കയ്ക്ക് കാരണമാകുന്നു. പയ്യാവൂർ ഷിമോഗ കോളനി, കാവുമ്പായി, അയ്യൻകുന്ന് തുടങ്ങിയ പ്രദേശങ്ങളിലാണ് ഏക്കർ കണക്കിന് ഭൂമിയിൽ വലിയ വിള്ളലുകൾ രൂപപ്പെട്ടത്.

ഭൂമിയിൽ വിള്ളൽ വീഴുന്ന പ്രതിഭാസമാണ് കണ്ണൂർ ജില്ലയിലെ മലയോര മേഖലയെ ആശങ്കയിലാഴ്ത്തുന്നത്. കനത്ത മഴയെയും, വെള്ളപ്പൊക്കത്തയും തുടർന്നാണ് ഭൂമിയിൽ വിള്ളലുകൾ കാണപ്പെട്ടത്. കുന്നിൻ പ്രദേശങ്ങളിൽ വിള്ളലുണ്ടായാൽ അതിൽ വെളളമിറങ്ങി കുന്ന് ഇടിയുമോ എന്ന ആശങ്കയാണ് പ്രദേശവാസികൾക്കുള്ളത്.

കാവുമ്പായിയിൽ ഭൂമിയിൽ വിളളലുണ്ടായതിനെ തുടർന്ന് ഒരു കുടുംബത്തെ സുരക്ഷിത സ്ഥാനത്ത് മാറ്റി പാർപ്പിച്ചു.പയ്യാവൂർ ഷിമോഗ കോളനിയിലും ഭൂമിയിൽ വിള്ളലുണ്ടായത് നാട്ടുകാരിൽ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.ഇവിടെ അര കിലോമീറ്ററോളം ദൂരത്തിലാണ് വിള്ളലുണ്ടായത്. വീടിന്‍റെ മുറ്റം ഉൾപ്പടെയുള്ള സ്ഥലങ്ങളിലാണ് വിള്ളലുണ്ടായത്.

ഭൂമിക്ക് വിള്ളൽ വീണ കുന്നിൻ പ്രദേശങ്ങളിലെ താഴെ ഭാഗങ്ങളിൽ താമസിക്കുന്നവരും ഭീതിയിലാണ്.കനത്ത മഴയിൽ വിള്ളലുണ്ടായ ഇടത്തേക്ക് വെള്ളം ഇറങ്ങിയത് നാട്ടുകാരുടെ ആശങ്ക വർധിപ്പിച്ചിരുന്നു.

സോയിൽ പൈപ്പിങ്ങിന്റെ തുടക്കമായ സോയിൽ ക്രീപ്പിംങ്‌ എന്ന പ്രതിഭാസമാണ് ഇതെന്നാണ് വിദഗ്ധർ പറയുന്നത്. വിള്ളലുണ്ടായ പ്രദേശങ്ങളിൽ ഉൾപ്പെടെ ജില്ലയിൽ  മഴയ്ക്ക് ശമനമായത് പ്രദേശവാസികൾക്ക് ആശ്വാസമായിട്ടുണ്ട്.

Comments (0)
Add Comment