വാളയാർ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിലേക്ക്; പോക്‌സോ കോടതി വിധി റദ്ദാക്കണം എന്ന് ആവശ്യം

Jaihind News Bureau
Monday, November 11, 2019

വാളയാർ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടികളുടെ കുടുംബം ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. പ്രതികളെ വെറുതെ വിട്ട പാലക്കാട് പോക്‌സോ കോടതി വിധി റദ്ദാക്കണമെന്നും കേസ് സിബിഐ അന്വേഷിക്കണം എന്നുമാണ് രക്ഷിതാക്കളുടെ ആവശ്യം. അതേസമയം, കേസിൽ വീഴ്ച വരുത്തിയതുമായി ബന്ധപ്പെട്ട് ദേശീയ കമ്മീഷനു മുന്നിൽ കേരളത്തിന്‍റെ ചീഫ് സെക്രട്ടറി, ഡിജിപി എന്നിവർ ഇന്ന് ഹാജരാകും. കമ്മീഷൻ ഇരുവരിൽ നിന്നും തെളിവെടുക്കും.

വാളയാർ കേസിൽ അന്വേഷണം അട്ടിമറിച്ചെന്നും കൊലപാതക സാധ്യത അന്വേഷിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിക്കുന്നത്. കേസിലെ അഞ്ച് പ്രതികളിൽ നാലുപേരെയും വെറുതെ വിട്ട പാലക്കാട് പോക്സോ കോടതി നടപടി റദ്ദാക്കണമെന്നും പെൺകുട്ടികളുടെ മരണം സിബിഐ അന്വേഷിക്കണമെന്നുമാണ് രക്ഷിതാക്കളുടെ ആവശ്യം.

കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതു താല്പര്യ ഹർജി തള്ളിയ ഹൈക്കോടതി എന്നാൽ, ഇക്കാര്യം ഉന്നയിച്ച് ബന്ധുക്കൾക്കോ അന്വേഷണ ഉദ്യോഗസ്ഥർക്കോ സമീപിയ്ക്കാമെന്ന് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് പെൺകുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിക്കുന്നത്. വിധി പകർപ്പ് കിട്ടാൻ വൈകിയതിനാലാണ് കോടതിയിലെത്താൻ സമയമെടുത്തതെന്നാണ് കുടുംബാംഗങ്ങളുടെ വിശദീകരണം. കെപിഎംഎസ് ഏർപ്പെടുത്തിയ അഭിഭാഷകരാകും കുടുംബത്തിന് വേണ്ടി ഹാജരാകുക.

അതേസമയം, പോക്സോ കോടതി വിധിയ്ക്കെതിരെ സർക്കാർ അപ്പീൽ പോകുന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല.

ഒക്ടോബർ 25നാണ് കേസിലെ പ്രധാന പ്രതികളെയെല്ലാം പോക്സോ കോടതി കുറ്റവിമുക്തരാക്കിയത്. കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് വാളയാർ ആക്ഷൻ കൗൺസിൽ നടത്തുന്ന റിലേ നിരാഹാര സമരം തുടരുകയാണ്.