മഹാമാരിയെയും മുതലെടുത്ത് പിണറായി സർക്കാർ : കൊവിഡ് കാലത്തെ കൊള്ളകളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Jaihind Webdesk
Friday, December 17, 2021

കൊവിഡ് കാലത്ത് പിണറായി സർക്കാർ നടത്തിയ കൊള്ളയുടെ കൂടുതൽ തെളിവുകൾ പുറത്ത്. ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്ത് പിപിഇ കിറ്റ് വാങ്ങിയതിൽ നടന്നത് വലിയ ക്രമക്കേട് . നിപ്പയെ പ്രതിരോധിച്ച കമ്പനിയുടെ പി പി ഇ കിറ്റ് 500 രൂപയ്ക്ക് വാങ്ങിയ കെഎം എസ് ഇ എൽ തൊട്ടടുത്ത ദിവസം മറ്റൊരു കമ്പനിക്ക് ഓർഡർ നൽകിയത് 1500 രൂപയ്ക്കാണ്.

കൊവിഡ് കാലത്ത് സർക്കാരും ആരോഗ്യ വകുപ്പും ചേർന്ന് നടത്തിയ ഞെട്ടിക്കുന്ന അഴിമതിയുടെ തെളിവുകളാണ് പുറത്ത് വരുന്നത്.. 550 രൂപയ്ക്ക് ലഭിച്ചിരുന്ന പിപിഇ കിറ്റിന് കെഎംഎസ്‌സിഎല്‍ കരാര്‍ മറിച്ച് നല്കിയത് 1550 രൂപയ്ക്ക്.500 രൂപയുടെ കിറ്റ് വാങ്ങാൻ രണ്ട് മാസം എടുത്തപ്പോൾ 1500 രൂപയുടെ കിറ്റിന് ഉത്തരവിറക്കിയത് രണ്ട് ദിവസത്തിനുള്ളിലാണ്..
കരാര്‍ നല്കിയത് കടലാസ് കമ്പനിക്കാണെന്ന ആരോപണവും ശക്തമാണ്.

ഒരു പിപിഇ കിറ്റ് 550 രൂപയ്ക്കാണ് കെറോണ്‍ എന്ന കമ്പനി നല്കിയിരുന്നത്. കിറ്റിന് ആവശ്യമുയര്‍ന്നപ്പോഴും മനഃപൂര്‍വ്വം കെറോണിന് കരാര്‍ നല്കാതെ വൈകിപ്പിക്കുകയായിരുന്നുവെന്ന് രേഖകള്‍ സൂചിപ്പിക്കുന്നു. കൊവിഡ് പടര്‍ന്നുപിടിക്കുമ്പോഴും കെറോണിന് കരാര്‍ നല്‍കാനുള്ള ഫയലില്‍ തീരുമാനമെടുക്കാന്‍ മാസങ്ങളെടുത്തു.

കെറോണിന്‍റെ ഭാഗത്താണ് വീഴ്ചയെന്ന് വരുത്തിത്തീര്‍ത്ത ശേഷം മന്ത്രിതല യോഗത്തില്‍ വേറെ കരാര്‍ നല്കണമെന്ന് തീരുമാനിക്കുകയായിരുന്നു. ദിനംപ്രതി 4000 പിപിഇ കിറ്റ് വേണമെന്ന ആവശ്യമുന്നയിച്ചാണ് മഹാരാഷ്ട്ര സോളാപ്പൂരില്‍ നിന്നുള്ള സാന്‍ഫാര്‍മ കമ്പനിക്ക് കരാര്‍ മറിച്ച് നല്കിയത്. സാന്‍ഫാര്‍മയ്ക്ക് കരാര്‍ നല്കിയത് രണ്ട് ദിവസം കൊണ്ടും. 2020 മാര്‍ച്ച് 29നാണ് സാന്‍ഫാര്‍മ കമ്പനിയില്‍ നിന്ന് ഇ മെയിലായി ക്വട്ടേഷന്‍ ലഭിക്കുന്നത്. അന്നുതന്നെ അവര്‍ക്ക് തത്വത്തില്‍ കരാര്‍ നല്കാനുള്ള തീരുമാനമെടുക്കുകയായിരുന്നു.

അന്‍പതിനായിരം പിപിഇ കിറ്റിനും ഒരു ലക്ഷം എന്‍ 95 മാസ്‌കിനുമാണ് മുന്‍ പരിചയമില്ലാത്ത കമ്പനിക്ക് കരാര്‍ നല്കാന്‍ തീരുമാനമെടുത്തത്. 2020 മാര്‍ച്ച് 30നു തന്നെ കരാറിനുള്ള ഫയലില്‍ അന്തിമ തീരുമാനമെടുത്തു. മാര്‍ച്ച് 31ന് കരാറിന്റെ മുഴുവന്‍ തുകയായ 9.53 കോടിയും മുന്‍കൂര്‍ നല്കാന്‍ തീരുമാനിച്ചു. അന്നുതന്നെ ഫയലില്‍ അക്കാര്യം സൂചിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഫയലില്‍ മറ്റൊരു ഉദ്യോഗസ്ഥന്‍ വിയോജനക്കുറിപ്പ് എഴുതി. എന്നിട്ടും അന്‍പതു ശതമാനം തുക മുന്‍കൂറായി നല്കുകയായിരുന്നു. സാധാരണ വിലയെക്കാൾ മൂന്നിരട്ടി വിലയ്ക്ക് ഗുണനിലവാരമില്ലാത്ത പി പി ഇ കിറ്റ് വാങ്ങിയ ഒന്നാം പിണറായി സർക്കാർ നടത്തിയത് വൻ കൊള്ളയാണെന്നതിന്‍റെ തെളിവുകളാണ് പുറത്ത് വരുന്നത്.