‘ഇതെല്ലാം പ്രഹസനം, അഭിനയം’ ; ഉദ്യോഗാർത്ഥികളുടെ സമരത്തെ വിമർശിച്ചും കൂട്ടസ്ഥിരപ്പെടുത്തലിനെ ന്യായീകരിച്ചും മന്ത്രി ജയരാജന്‍

Jaihind News Bureau
Thursday, February 11, 2021

 

തിരുവനന്തപുരം: സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെയും അനധികൃത സ്ഥിരപ്പെടുത്തലുകള്‍ക്കെതിരെയും വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ ജീവനക്കാരുടെ കൂട്ടസ്ഥിരപ്പെടുത്തലിനെ ന്യായീകരിച്ച് വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍. സെക്രട്ടേറിയറ്റിനു മുന്നില്‍ ഉദ്യോഗാര്‍ഥികള്‍ സമരം ചെയ്യുന്നത് ആരോ പ്രേരിപ്പിച്ചിട്ടാണെന്നും മന്ത്രി പറഞ്ഞു.

‘എന്തിനാ അവര് സമരം ചെയ്യുന്നത്. ആരോ പ്രേരിപ്പിച്ചിട്ടാണ്. അവിടെ വന്ന് സമരം ചെയ്യുന്നവരൊന്നും പി.എസ്.സി. ലിസ്റ്റില്‍ ഉള്ളവരൊന്നും അല്ല. അവര്‍ കോണ്‍ഗ്രസിന്റെ, യൂത്ത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരാണ്. ഇതെല്ലാം പ്രഹസനമാണ്. അഭിനയമാണ്. ഇവിടെ മണ്ണെണ്ണയും പെട്രോളും കൊണ്ടുനടന്നിട്ടൊന്നും ഒരു കാര്യവുമില്ല- ജയരാജന്‍ പറഞ്ഞു.

ഉദ്യോഗാർത്ഥികളുടെ സമരത്തിനെതിരെ ജയരാജന്‍ മുന്‍പും രംഗത്തെത്തിയിരുന്നു. സമരം ചെയ്യുന്നത് എന്തിനെന്ന് അവരോട് തന്നെ ചോദിക്കണമെന്നായിരുന്നു ജയരാജന്‍റെ പ്രതികരണം. പി.എസ്.സി ഉദ്യോഗ്യാർത്ഥികളെ സമരക്കാർ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ്. സ്ഥിരപ്പെടുത്താൻ തീരുമാനിച്ച താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടാനാകില്ല. അവർക്ക് കുടുംബവും കുട്ടികളും ഉണ്ട്. അവരെ സ്ഥിരപ്പെടുത്തുകയല്ലാതെ വേറെ നിവൃത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അനധികൃത നിയമനങ്ങള്‍ക്കെതിരെ കേരളമാകെ പ്രതിഷേധം തുടരുമ്പോഴാണ് സര്‍ക്കാരിന്റെ വഴിവിട്ട നടപടികളെ ജയരാജന്‍ ന്യായീകരിക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന സി.പി.ഐ നേതൃയോഗത്തിലും സര്‍ക്കാരിന്റെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. പിന്‍വാതില നിയമനങ്ങള്‍ സര്‍ക്കാരിന്റെ തുടര്‍ ഭരണസാധ്യതയെ ബാധിക്കുമെന്നാണ് സി.പി.ഐയുടെ വിലയിരുത്തല്‍.

പിന്‍വാതില്‍ നിയമനവിവാദവും പി.എസ്.സി ഉദ്യോഗാര്‍ത്ഥികളുടെ സമരവും സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്കു മങ്ങലേല്‍പ്പിച്ചെന്നു സി.പി.ഐ. സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ വിമര്‍ശനം. വിഷയം നീട്ടികൊണ്ടുപോകാതെ എത്രയുംവേഗം ബന്ധപ്പെട്ടവര്‍ ഇടപെടണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

സമരം ചെയ്യുന്നവരെ വിമര്‍ശിക്കുന്നത് ശരിയല്ല. ഇക്കാര്യത്തില്‍ മന്ത്രി തോമസ് ഐസക്കിന്റെയും ജയരാജന്റെയും പ്രതികരണം ഒഴിവാക്കേണ്ടതായിരുന്നു. യുവാക്കള്‍ സര്‍ക്കാരിന് എതിരാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും യോഗം ചൂണ്ടിക്കാട്ടി. ശബരിമല വിഷയത്തില്‍ ഇടതുമുന്നണിക്കകത്ത് പലരും പല അഭിപ്രായങ്ങള്‍ പറയാതെ ഒറ്റ നിലപാട് വേണം മുന്നോട്ടുവയ്‌ക്കേണ്ടതെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.