വകുപ്പിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ ശേഷിയില്ലാത്ത മന്ത്രിയാണോ സമ്പദ്സമൃദ്ധി നേരുന്നത് : ഗതാഗത മന്ത്രിക്കെതിരെ കെഎസ്ആർടിസി ജീവനക്കാർ

കൊച്ചി: ഗതാഗത മന്ത്രി ആന്‍റണി രാജു വിഷു ആശംസകള്‍ നേർന്നെഴുതിയെ ഫേസ്ബുക്ക് പോസ്റ്റില്‍ കെഎസ്ആർടിസി ജീവനക്കാരുടെ രോഷ പ്രകടനം. ഏപ്രല്‍ പകുതി കഴിഞ്ഞിട്ടും വിഷുവും ഈസ്റ്ററും വന്നെത്തിയിട്ടും മാർച്ചിലെ ശമ്പളം പോലും ജീവനക്കാർക്ക് നല്‍കാത്ത സാഹചര്യത്തില്‍ മന്ത്രി വിഷു ആശംസിച്ചതാണ് ജീവനക്കാരെ ചൊടിപ്പിച്ചത്. ശമ്പള പ്രതിസന്ധിയില്‍ ഇടത് തൊഴിലാളി സംഘടനകളടക്കം പണിമുടുക്കും സത്യാഗ്രഹവും പ്രഖ്യാപിച്ചിരുക്കുമ്പോഴാണ് ആന്‍റണി രാജു സമ്പദ്സമൃദ്ധി നേർന്നത്.

രൂക്ഷമായ ഭാഷയിലാണ് കെഎസ്ആർടിസി ജീവനക്കാർ മന്ത്രിയുടെ ആശംസയെ നേരിട്ടത്.  ഞങ്ങളുടെ കുട്ടികള്‍ അരപട്ടിണിയില്‍ കഴിയുമ്പോള്‍ മന്ത്രി സമ്പദ് സമൃദ്ധിയില്‍ വിഷു ആഘോഷിക്കൂ,  സ്വന്തം വകുപ്പിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ ശേഷിയില്ലാത്ത മന്ത്രിയാണോ സമ്പദ് സമൃദ്ധിയുടെ വിഷു ആശംസകള്‍ നേരുന്നത്?, ഇത്തവണ മന്ത്രിക്ക് മാത്രമാണ് വിഷു, തങ്ങളുടെ മക്കള്‍ക്ക് വിഷുവും ഈസ്റ്ററും ഇല്ല, സ്വന്തം വകുപ്പിലെ 27,000 ത്തോളം ജീവനക്കാരെ പട്ടിണിയിലേക്ക് തള്ളിവിട്ടു കൊണ്ട് വിഷു ആശംസിക്കാന്‍ എന്തു യോഗ്യതയാണ് താങ്കള്‍ക്കുള്ളത്, ആശംസകള്‍ നേര്‍ന്ന മലയാളികളുടെ കൂട്ടത്തില്‍ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ ഇല്ല, മക്കള്‍ക്ക് കണിയൊരുക്കാന്‍ ഒരുകുല കൊന്നപ്പൂ വാങ്ങാന്‍ പോലും 10 രൂപ എടുക്കാന്‍ ഇല്ല, അപ്പൊ എങ്ങനെ സമ്പദ് സമൃദ്ധമായ വിഷു ആഘോഷിയ്ക്കും സാറെ , എന്നിങ്ങനെ നിരവധി കമന്‍റുകളാണ് ജീവനക്കാർ പങ്കുവച്ചിരിക്കുന്നത്.

 

 

Comments (0)
Add Comment