ശിശുക്ഷേമ സമിതിയിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് ജീവനക്കാരുടെ പരാതി; ഷിജു ഖാനെതിരെ ഗുരുതര ആരോപണങ്ങള്‍

Jaihind Webdesk
Monday, October 25, 2021

 

തിരുവനന്തപുരം : ശിശുക്ഷേമ സമിതിയിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് ജീവനക്കാരുടെ പരാതി. ജനറല്‍ സെക്രട്ടറി ഷിജു ഖാനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചാണ് പരാതി. അനുപമയുടെ കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളുമായി ശിശുക്ഷേമ സമിതിയിലെ ജീവനക്കാര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. അനുപമയുടെ കുഞ്ഞിനെ ഏല്‍പിച്ചത് ജീവനക്കാരുടെ കയ്യിലാണ്. ആണ്‍കുഞ്ഞിനെ പെണ്‍കുഞ്ഞാക്കിയത് മനഃപൂര്‍വമാണെന്നും പുറത്തറിയാതിരിക്കാന്‍ സിസി ടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചുവെന്നും ഡിഎൻഎ ടെസ്റ്റിലെ ക്രമക്കേട് അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

2020 ഒക്ടോബര്‍ 22 ന് പുലര്‍ച്ചെ 12.30 ന് കുഞ്ഞിനെ ലഭിക്കുമ്പോള്‍ അമ്മത്തൊട്ടില്‍ പൂര്‍ണ്ണമായി പ്രവര്‍ത്തിച്ചിരുന്നില്ലെന്നും അമ്മത്തൊട്ടിലില്‍ ഈ കുഞ്ഞിനെ ഉപേക്ഷിച്ചുവെന്ന് പറയുന്നത് കള്ളമാണെന്നും പരാതിയില്‍ പറയുന്നു. ജനറല്‍ സെക്രട്ടറി ഷിജു ഖാന്‍ മുന്‍കൂര്‍ ഉറപ്പ് കൊടുത്തതനുസരിച്ചാണ് കുഞ്ഞിനെ എത്തിച്ചത്. അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍, ഭാര്യ സ്മിത ജയിംസ്, പേരൂര്‍ക്കടയിലെ പാര്‍ട്ടി ലോക്കല്‍ കമ്മറ്റിയംഗം എന്നിവര്‍ ചേര്‍ന്നാണ് രാത്രി ആണ്‍കുട്ടിയെ കൊണ്ടുവന്നത്. നേഴ്‌സ് ദീപാറാണി കുഞ്ഞിനെ വാങ്ങി ദത്തെടുക്കല്‍ കേന്ദ്രത്തില്‍ എത്തിച്ചു. തൈക്കാട് ആശുപത്രിയിലെ രജിസ്റ്ററില്‍ ആണ്‍ കുഞ്ഞിനെ പെണ്‍കുഞ്ഞാക്കി ഡോക്ടറെക്കൊണ്ട് എഴുതിപ്പിക്കുകയായിരുന്നു. ഇവയെല്ലാം ഷിജു ഖാന്‍റെ ഉറ്റ അനുയായിയായ സൂപ്രണ്ട് ഷീബയ്ക്ക് വ്യക്തമായി അറിയാം. അഡോപ്ഷന്‍ ഓഫീസറുടെ ചുമതലയുള്ള ഇവര്‍ക്ക് മതിയായ യോഗ്യത പോലുമില്ല. കുട്ടിയുടെ ലിംഗനിര്‍ണയം വിവാദമായപ്പോള്‍ തൈക്കാട് ആശുപത്രിയില്‍ പോയി രജിസ്റ്ററില്‍ ആണ്‍കുട്ടിയായി മാറ്റി എഴുതിച്ചതും മറ്റൊരു ഒപി ടിക്കറ്റ് വാങ്ങിച്ചതും ഷീബയാണ്.

ധൃതി കാണിച്ച് ആന്ധ്രാപ്രദേശ് ദമ്പതികള്‍ക്ക് ദത്ത് നല്‍കിയതും അനുപമ ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ മറ്റൊരു കുട്ടിയുടെ ഡിഎന്‍എ ടെസ്റ്റ് നടത്തി റിപ്പോര്‍ട്ട് കൊടുത്ത് അമ്മയെ കബളിപ്പിച്ചതും വിശദമായി അന്വേഷിക്കണം. ഇതിലെല്ലാം തിരുവനന്തപുരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ചെയര്‍പേഴ്‌സണും പങ്കുണ്ട്. നിരപരാധിയായ കുറച്ച് ജീവനക്കാരെ ഭീഷണിപ്പെടുത്തി കുട്ടിയെ ലഭിച്ച രാത്രിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജീവനക്കാരെ ബലിയാടാക്കാന്‍ ശ്രമം നടക്കുന്നുവെന്നും പ്രതികാര നടപടി ഉണ്ടാകുമെന്നതിനാല്‍ ജീവനക്കാരുടെ പേരുവെക്കുന്നില്ലെന്നും പരാതിയില്‍ പറയുന്നു. ദത്ത് നടപടികൾ നിയമപരം ആണെന്ന് ഷിജുഖാൻ ആവർത്തിക്കുന്നതിനിടെയാണ് ശിശുക്ഷേമ സമിതിയിൽ നടന്ന ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ജീവനക്കാർ തന്നെ ഷിജു ഖാനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകുന്നത്.