സ്വപ്‌ന സാഫല്യമായി യു.എ.ഇ : ഹസ്സ അല്‍ മന്‍സൂറി പ്രഥമ ബഹിരാകാശ യാത്രികന്‍ ; സെപ്റ്റംബര്‍ 25 ചരിത്ര ദിനം, ബഹിരാകാശത്ത് 19-ാമത്തെ ലോകതിളക്കവുമായി യു.എ.ഇ

Jaihind News Bureau
Wednesday, September 25, 2019

ദുബായ് : യു.എ.ഇയുടെ പ്രഥമ ബഹിരാകാശ യാത്രികന്‍ ഹസ്സ അല്‍ മന്‍സൂറി അഭിമാനക്കുതിപ്പ് നടത്തി ചരിത്രം രേഖപ്പെടുത്തി. അറബ് മേഖലയുടെ സ്വപ്നം സഫലമാക്കിയ ആദ്യ യു.എ.ഇ സ്വദേശി എന്ന പേര് ഇതോടെ ഹസ്സ സ്വന്തമാക്കി. ബഹിരാകാശ നിലയത്തില്‍ സാന്നിധ്യം അറിയിച്ച ലോകത്തിലെ 19-ാമത്തെ രാജ്യമായി യു.എ.ഇ മാറി.

സെപ്റ്റംബര്‍ 25 ഇനി യു.എ.ഇയ്ക്ക് മറ്റൊരു ചരിത്ര ദിനമാണ്. രാജ്യത്തിന്‍റെ പ്രഥമ ബഹിരാകാശ യാത്രികന്‍ ഹസ്സ അല്‍ മന്‍സൂറി അഭിമാനക്കുതിപ്പ് നടത്തിയ സുവര്‍ണ ദിനം. കസഖ്സ്ഥാനിലെ ബൈക്കന്നൂര്‍ കോസ്‌മോ ഡ്രോമില്‍ നിന്ന് സോയുസ് എം.എസ് 15 എന്ന പേടകത്തിലാണ് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് യാത്ര പുറപ്പെട്ടത്. റഷ്യന്‍ കമാന്‍ഡര്‍ ഒലെഗ്സ്‌ക്രി പോഷ്‌ക, യു.എസിലെ ജെസീക്ക മീര്‍ എന്നിവരാണ് ഹസ്സയുടെ സഹ യാത്രികര്‍. യു.എ.ഇയിലെ സ്വദേശികളും ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള വിദേശികള്‍ക്കും ഏറെ അഭിമാനകരമായ നിമിഷം ആയിരുന്നു ഈ ചടങ്ങ്.

ഇപ്രകാരം ബഹിരാകാശ നിലയത്തില്‍ സാന്നിധ്യം അറിയിച്ച, ലോകത്തിലെ 19-ാമത്തെ രാജ്യമായി യു.എ.ഇ സ്ഥാനം നേടി. ബഹിരാകാശ നിലയത്തിലേക്ക് വിശുദ്ധ ഖുര്‍ആനും, പട്ടില്‍ നിര്‍മ്മിച്ച യു.എ.ഇ ദേശീയ പതാകയും, രാഷ്ട്ര നേതാക്കളുടെ ചിത്രങ്ങളും സഹിതമാണ് ഹസ്സ അല്‍ മന്‍സൂറി യാത്ര പോയത്. കൂടാതെ ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിന്‍റെ ആത്മകഥാ  പുസ്തകം, സ്വദേശി ഭക്ഷണങ്ങള്‍,  മാതാപിതാക്കളുടെ ചിത്രങ്ങള്‍, ഗാഫ് മരത്തിന്‍റെ 30 വിത്തുകള്‍ എന്നിവയും യാത്രയില്‍ കരുതി. യു.എ.ഇ എന്ന നാടിന്‍റെ വികസന കുതിപ്പ് സ്വപ്‌നം കണ്ട യു.എ.ഇ രാഷ്ട്രപിതാവ് ഷെയ്ഖ് സാദിയിന്‍റെ വലിയ സ്വപ്‌നം കൂടിയാണ് ഇതോടെ സാക്ഷാല്‍ക്കരിക്കപ്പെട്ടത്.  ഒക്ടോബര്‍ 4 ന് ബഹിരാകാശ നിലയത്തില്‍ നിന്ന് ഇവര്‍ മടങ്ങും.