‘മുഖ്യമന്ത്രിയുമായും കൂടിക്കാഴ്ച നടത്തി ‘ ; പ്രതിപക്ഷ നേതാവിന്‍റെ വാദം ശരിവെച്ച് ഇഎംസിസി പ്രസിഡന്‍റ്

Jaihind News Bureau
Sunday, February 21, 2021

 

തിരുവനന്തപുരം : മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ വാദം തള്ളി ഇഎംസിസി പ്രസിഡന്‍റ്. മുഖ്യമന്ത്രിയുമായും കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ മന്ത്രിയും ഉണ്ടായിരുന്നു. പദ്ധതിയുടെ വിശദാംശങ്ങള്‍ മുഖ്യമന്ത്രി ചോദിച്ച് മനസിലാക്കി. 2019 ഓഗസ്റ്റില്‍ ആയിരുന്നു കൂടിക്കാഴ്ച എന്നും ഷിജു വര്‍ഗീസ് ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.

അതേസമയം ഇഎംസിസിയുമായുള്ള ധാരണാപത്രവും  സ്ഥലം അനുവദിച്ച രേഖയും പുറത്തുവിട്ട്  മുഖ്യമന്ത്രി കമ്പനി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായി പ്രതിപക്ഷ നേതാവ് ഇന്ന് ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇക്കാര്യം സ്ഥിരീകരിച്ച് ഇഎംസിസി പ്രസിഡന്റ്  രംഗത്തെത്തിയത്.

വിദേശകമ്പനിയുമായി ഒരുകരാറും ഒപ്പിട്ടില്ലെന്ന് മുഖ്യമന്ത്രി ന്യായീകരിക്കുന്നതിനിടെ പദ്ധതി സംബന്ധിച്ച പിആര്‍ഡിയുടെ പരസ്യവും പ്രതിപക്ഷ നേതാവ് പുറത്തുവിട്ടു. ബോട്ട് നിര്‍മ്മിക്കുന്നതിന് വിദേശകമ്പനിയുമായി ധാരണയായെന്നാണ് സര്‍ക്കാര്‍ പരസ്യത്തിലുള്ളത്.

പരസ്യം മാത്രമല്ല കെഎസ്‌ഐഡി സിയുമായി ഇഎംസിസി ആഴക്കടല്‍ മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ട് ഒപ്പുവച്ച ധാരണപത്രവും ചേര്‍ത്തല പള്ളിപ്പുറത്ത് നാല് ഏക്കര്‍ സ്ഥലം അനുവദിച്ചുള്ള ഉത്തരവും ചെന്നിത്തല പുറത്ത് വിട്ടതോടെ കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ് മുഖ്യമന്ത്രിയും സർക്കാരും.