വൈദ്യുതി ചാർജ് വർധന: കെഎസ്ഇബി ഓഫീസുകൾക്ക് മുന്നിൽ നാളെ മുസ്‌ലിം ലീഗ് ധർണ്ണ

Jaihind Webdesk
Wednesday, November 8, 2023

 

മലപ്പുറം: സംസ്ഥാന സർക്കാരിനെതിരെ പ്രത്യക്ഷ സമരത്തിനൊരുങ്ങി മുസ്‌ലിം ലീഗ്‌. വിലക്കയറ്റവും വൈദ്യുതി ചാർജ് വർധനയും ഉന്നയിച്ചാണ് സമരം. കെഎസ്ഇബി ഓഫീസുകൾക്ക് മുന്നിൽ നാളെ ലീഗ് ധർണ്ണ നടത്തും. ജനകീയ വിഷയങ്ങൾ യുഡിഎഫ് ഏറ്റെടുക്കുന്നതായി പി.കെ. കുഞ്ഞാലിക്കുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സര്‍ക്കാരിന്‍റെ സാമ്പത്തിക മാനേജ്മെന്‍റ് വന്‍ പരാജയമാണെന്നും ലീഗ് കുറ്റപ്പെടുത്തി. ജനറൽ സെക്രട്ടറി പി.എം.എ. സലാമും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

സംസ്ഥാനത്തെ ജനകീയ ഹോട്ടല്‍ നടത്തിപ്പുകാര്‍ക്കുള്ള സബ്സിഡി ഒമ്പതു മാസമായി വിതരണം ചെയ്യാത്ത സര്‍ക്കാരിന്‍റെ നടപടി കടുത്ത അനീതിയെന്ന് പി.കെ. കു‍ഞ്ഞാലിക്കുട്ടി പറഞ്ഞു. കുടുബശ്രീയിലെ വനിതകളോട് കടുത്ത അനീതിയാണ് സര്‍ക്കാര്‍ കാണിക്കുന്നത്. സാധാരണക്കാരന്‍റെ പ്രശ്നം പരിഹരിക്കാതെ കേരളത്തെ ബ്രാന്‍ഡ് ചെയ്തിട്ട് കാര്യമില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.