സംസ്ഥാനം നാളെ പോളിങ്ങ് ബൂത്തിലേക്ക്; ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ; ഇന്ന് നിശബ്ദ പ്രചരണം.

Jaihind Webdesk
Monday, April 22, 2019

Local Body Elections

സംസ്ഥാനം നാളെ പോളിങ്ങ് ബൂത്തിലേക്ക്. ഇന്ന് നിശബ്ദ പ്രചരണം. രണ്ട് കോടിയിൽപ്പരം വോട്ടർമാരാണ് സമ്മദിദാന അവകാശം വിനിയോഗിക്കുക. സംസ്ഥാനത്ത് തെരഞ്ഞെടുപ്പു ഒരുക്കങ്ങൾ പൂർണ്ണ സജ്ജമെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ. ഏറ്റവും കൂടുതൽ വോട്ടറുമാർ മലപ്പുറത്തും കുറവ് വയനാട്ടിലുമാണുള്ളത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മൂന്നാം ഘട്ട തെരഞ്ഞെടുപ്പാണ് നാളെ നടക്കുന്നത്. സംസ്ഥാനത്തു ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 2,61,51,534 വോട്ടർമാരാണ് സംസ്ഥാനത്ത് സമ്മദിദാന അവകാശം ഇത്തവണ വിനിയോഗിക്കുന്നത്.

23ന് രാവിലെ ഏഴു മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. രാവിലെ ആറിന് മോക്‌പോൾ നടക്കും. മലപ്പുറത്താണു കൂടുതൽ വോട്ടർമാർ – 31,36,191 പേർ. കുറവ് വയനാട് ജില്ലയിൽ – 5,94,177 പേർ. സംസ്ഥാനത്ത് 2,88,191 കന്നിവോട്ടർമാരാണുള്ളത്. 1,35,357 ഭിന്നശേഷി വോട്ടർമാരുണ്ട്. സമ്പൂർണമായി വനിതകൾ നിയന്ത്രിക്കുന്ന 240 ബൂത്തുകളാണു സംസ്ഥാനത്തുള്ളത്. പ്രശ്നസാധ്യതയുള്ള 3621 ബൂത്തുകളിൽ വെബ് കാസ്റ്റിങ് സംവിധാനം ഏർപ്പെടുത്തി. 35,193 വോട്ടിങ് മെഷീനുകളാണുള്ളത്. 32,746 കൺട്രോൾ യൂണിറ്റുകളും 44,427 ബാലറ്റ് യൂണിറ്റുകളുമാണുള്ളത്. ആറ്റിങ്ങൽ, വയനാട്, തിരുവനന്തപുരം മണ്ഡലങ്ങളിൽ രണ്ടു ബാലറ്റ് യൂണിറ്റുകൾ വീതം ഉപയോഗിക്കും. 227 സ്ഥാനാർഥികളിൽ 23 വനിതകളുണ്ട്. ഹരിതചട്ടം പാലിക്കുന്നതിന്‍റെ ഭാഗമായി മാർച്ച് 11 മുതൽ സംസ്ഥാന വ്യാപകമായി 15 ലക്ഷം ബാനറുകളും പോസ്റ്ററുകളും ഹോർഡിങ്ങുകളും നശിപ്പിച്ചു. 51,000 പരാതികളാണ് സി-വിജിൽ ആപ് വഴി ലഭിച്ചത്. സംസ്ഥാനത്ത് 831 പ്രശ്നബാധിത ബൂത്തുകളും 359 തീവ്രപ്രശ്നസാധ്യതാ ബൂത്തുകളുമുണ്ട്.

സംസ്ഥാനത്ത് 55 വോട്ടെണ്ണൽ കേന്ദ്രങ്ങളുണ്ടാവും. 257 സ്ട്രോങ് റൂമുകളാണുള്ളത്. 2310 കൗണ്ടിങ് സൂപ്പർവൈസർമാരെ നിയോഗിക്കും. 57 കമ്പനി കേന്ദ്രസേനയെയാണു സുരക്ഷയ്ക്കായി ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ച് പോളിങ്ബൂത്തുകളിൽ വിവിപാറ്റ് എണ്ണും.

വിവിധ സ്‌ക്വാഡുകളുടെ പരിശോധനയിൽ 31 കോടി രൂപയുടെ സാധനങ്ങൾ പിടികൂടി. 44 ലക്ഷം രൂപയുടെ മദ്യവും 21 കോടിയുടെ ലഹരി ഉത്പന്നങ്ങളും മൂന്നു കോടിയുടെ സ്വർണവും 6.63 കോടിയുടെ പണവും പിടിച്ചെടുത്തിട്ടുണ്ട്. വരും ദിവസങ്ങളിലും കർശന പരിശോധനയുണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർടിക്കാറാം മീണ വ്യക്തമാക്കി.