സംസ്ഥാനത്ത് കാർഷിക വളർച്ചാ നിരക്ക് താഴേക്കെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്; പൊതുകടം വർദ്ധിച്ചെന്നും റിപ്പോർട്ട്; സംസ്ഥാന ബജറ്റ് നാളെ

Jaihind News Bureau
Thursday, February 6, 2020

കേരളത്തിന്‍റെ പൊതു കടം വർദ്ധിച്ചതായി സാമ്പത്തിക അവലോകന റിപ്പോർട്ട്. കാർഷിക മേഖല തകർച്ചയിലാണ്. സംസ്ഥാനത്തെ ചെലവ് നിയന്ത്രിക്കാൻ കഴിയാത്തത് ധനസ്ഥിതിയെ ബാധിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

കാര്‍ഷിക മേഖലയില്‍ വളര്‍ച്ച താഴേക്കാണെന്നും സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രളയവും നാണ്യവിളകളുടെ വിലതകര്‍ച്ചയുമാണ് ഇതിനു കാരണമായി പറയുന്നത്. കാര്‍ഷികോത്പന്നങ്ങളുടെ വില കാര്യമായി കൂടിയെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പഴങ്ങളുടേയും പച്ചക്കറികളുടേയും വിലയിലാണ് പ്രധാനമായും കുതിച്ചു കയറ്റമുണ്ടായത്.

സാമ്പത്തികമാന്ദ്യം കാരണം നികുതി വരുമാനം കുറഞ്ഞെന്നും സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നേരത്തെ മൊത്തം വരുമാനത്തിന്‍റെ 68.14 ശതമാനം നികുതിയില്‍ നിന്നുമായിരുന്നുവെങ്കില്‍ 2018-19ല്‍ 54.54 ശതമാനം മാത്രമാണ് നികുതി വരുമാനം. അതേസമയം സംസ്ഥാനത്തിന്‍റെ നികുതിയേതര വരുമാനം കൂടിയിട്ടുണ്ട്. ലോട്ടറിയിൽ നിന്നു മാത്രം 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 9264.66 കോടി രൂപ വരുമാനം ലഭിച്ചു.