സര്‍ക്കാരിന്റെ ശ്രദ്ധ വനിതാമതിലിലും ശബരിമലയിലും മാത്രം; നവകേരള സൃഷ്ടി എങ്ങനെയെന്ന് സര്‍ക്കാരിന് അറിയില്ല: രൂക്ഷവിമര്‍ശനവുമായി ഇ ശ്രീധരന്‍

Jaihind Webdesk
Tuesday, January 22, 2019

കൊച്ചി: പ്രളയാനന്തരം കേരളത്തെ കൈപിടിച്ചുയര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് പകരം ശബരിമലയിലും വനിതാ മതിലിലും നില്‍ക്കുന്ന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്‍. സര്‍ക്കാരിന്റെ ശ്രദ്ധ ശബരിമല സംബന്ധിച്ച സുപ്രീംകോടതി ഉത്തരവ്, വനിതാമതില്‍ തുടങ്ങിയ രാഷ്ട്രീയ വിഷയങ്ങളിലേക്ക് മാത്രം മാറിയെന്ന് ശ്രീധരന്‍ പറഞ്ഞു. ഫൗണ്ടേഷന്‍ ഫോര്‍ റിസ്റ്റോറേഷന്‍ ഓഫ് നാഷണല്‍ വാല്യൂസിന്റെ പ്രസിഡന്റായ ഇ. ശ്രീധരന്‍ സംഘടനയുടെ വാര്‍ത്താക്കുറിപ്പിലൂടെയാണ് രൂക്ഷമായ വിമര്‍ശനം നടത്തിയത്.

പ്രളയം കഴിഞ്ഞ് അഞ്ചു മാസമായിട്ടും ജനങ്ങളുടെ ദുരിതം മാറിയിട്ടില്ല. സര്‍ക്കാരിന്റെ ശ്രദ്ധ ശബരിമല സംബന്ധിച്ച സുപ്രീംകോടതി ഉത്തരവ്, വനിതാമതില്‍ തുടങ്ങിയ രാഷ്ട്രീയ വിഷയങ്ങളിലാണ്.പ്രളയക്കെടുതി മനുഷ്യനിര്‍മ്മിതമെന്ന് പരിസ്ഥിതിപ്രവര്‍ത്തകരും എന്‍ജിനീയര്‍മാരും ആരോപണം ഉന്നയിച്ച സാഹചര്യത്തില്‍, കാരണങ്ങള്‍ കണ്ടെത്താന്‍ അടിയന്തര നടപടി സ്വീകരിക്കുകയാണ് ഉത്തരവാദിത്വമുള്ള സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. ഉന്നതാധികാര പഠന സമിതിയെ നിയോഗിക്കുന്നതില്‍ അനാസ്ഥ കാട്ടിയെന്നും ശ്രീധരന്‍ കുറ്റപ്പെടുത്തി.

ദുരന്തങ്ങളെ അവസരമാക്കിയ നിരവധി ഉദാഹരണങ്ങള്‍ ലോകത്തിലുണ്ട്. എന്താണ് വേണ്ടതെന്ന് കേരളം ഇപ്പോഴും നിശ്ചയിച്ചിട്ടില്ല. ജനങ്ങളുടെ ചിന്തയുടെയും മനോഭാവത്തിന്റെയും ഗുണപരമായ മാറ്റവും സര്‍ക്കാരിലെ പുതിയ തൊഴില്‍ സംസ്‌കാരവും സൃഷ്ടിക്കേണ്ടതായിരുന്നു. അതിന് ധാര്‍മ്മികമൂല്യങ്ങളില്‍ അധിഷ്ഠിതമായ ദൃഢനിശ്ചയവും സമര്‍പ്പണവുമാണ് വേണ്ടതെന്നും ശ്രീധരന്‍ പറഞ്ഞു.