ശബരിമല : സര്‍ക്കാരിന് സുപ്രീംകോടതിയില്‍ തിരിച്ചടി

Jaihind Webdesk
Friday, December 7, 2018

Sabarimala-SC

ശബരിമലയിൽ ഹൈക്കോടതി നിയോഗിച്ച മൂന്നംഗ നിരീക്ഷണ സമിതിയ്ക്കെതിരായി സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി ഉടൻ പരിഗണിയ്ക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. സാധാരണ ക്രമത്തില്‍ മാത്രമേ കേസ് പരിഗണിക്കാനാകൂവെന്ന് സുപ്രീംകോടതി അറിയിച്ചു.

ശബരിമലയുമായി ബന്ധപ്പെട്ട ഹർജികൾ നേരത്തെ പരിഗണിക്കാനാകില്ലെന്ന് ഇതിന് മുമ്പും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി പറഞ്ഞിരുന്നു. ജനുവരിയിലാണ് കേസിന്‍റെ വാദം തീരുമാനിച്ചിരിയ്ക്കുന്നത്. റിട്ട്, റിവ്യൂ ഹർജികളടക്കം ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും ജനുവരിയിൽ മാത്രമേ പരിഗണിക്കൂ എന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വീണ്ടും വ്യക്തമാക്കി.

ശബരിമല കേസുമായി ബന്ധപ്പെട്ട് രണ്ട് പുതിയ ഹര്‍ജികളാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കയത്. ശബരിമല കേസുകള്‍ കേരളാ ഹൈക്കോടതി പരിഗണിക്കുന്നത് മാറ്റി സുപ്രീംകോടതി തന്നെ പരിഗണിക്കണമെന്നതാണ് ഒരു ഹര്‍ജി. ശബരിമലയിലെ സാഹചര്യങ്ങള്‍ നിരീക്ഷിക്കാനായി മൂന്നംഗ സമിതിയെ നിയോഗിച്ചതിനെതിരെയാണ് സര്‍ക്കാരിന്‍റെ രണ്ടാമത്തെ ഹ‍ർജി.

ഇതോടെ ക്രിസ്മസ് അവധിക്ക് മുമ്പായി കേസ് പരിഗണിക്കില്ലെന്നും വ്യക്തമായി. അവധിക്ക് ശേഷം ജനുവരി 10 ന് കോടതി തുറന്ന ശേഷമാകും കേസ് പരിഗണിക്കുക.