സര്‍ക്കാര്‍ നശിപ്പിക്കാനൊരുങ്ങുന്ന ഇ ഓഫീസ് സംവിധാനത്തില്‍ ഇതുവരെ 20 ലക്ഷത്തിലേറെ ഫയലുകള്‍; പദ്ധതി മാറ്റം വകുപ്പ് മേധാവികള്‍ അറിയാതെ

B.S. Shiju
Friday, May 10, 2019

തിരുവനന്തപുരം: സര്‍ക്കാരും ഐ.ടി മിഷനും പിന്‍വലിക്കാന്‍ ആലോചിക്കുന്ന ഇ- ഓഫീസ് സംവിധാനത്തില്‍ ഇതുവെര 20 ലക്ഷത്തോളം ഫയലുകളാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ടെണ്ടറിനൊപ്പം പുറത്തിറക്കിയിട്ടുള്ള ആര്‍ എഫ് പി യില്‍ പറഞ്ഞിരിക്കുന്ന എല്ലാ ആവശ്യങ്ങളും നിലവില്‍ ഇ-ഓഫീസില്‍ ഉള്ളതാണെന്ന വസ്തുതയും പുറത്തു വരുന്നു. ഡയറക്ടറേറ്റുകളിലടക്കം നിരവധി ഓഫീസുകളില്‍ നടപ്പാക്കിയിട്ടുള്ള ഇ- ഓഫീസ് പു:നസ്ഥാപിക്കുന്ന വിവരം ഒരു വകുപ്പു മേധാവിയും അറിഞ്ഞിട്ടില്ലെന്നതാണ് വസ്തുത.

ഇതുവരെ ഇരുപത് ലക്ഷത്തോളം ഫയലുകളും അറുപത് ലക്ഷത്തോളം തപാലുകളും നിര്‍മ്മിച്ചുകഴിഞ്ഞ ഇ- ഓഫീസ് സംവിധാനം സംസ്ഥാനത്തെ 20000ത്തില്‍പ്പരം ഉദ്യോഗസ്ഥരാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. പത്തുലക്ഷത്തോളം ഫയലുകളാണ് ഒരുമാസം സംവിധാനത്തില്‍ കൈകാര്യം ചെയ്യപ്പെടുന്നത്. ഇതില്‍ ഒരു വകുപ്പു മേധാവിയും ഇ- ഓഫീസ് പിന്‍വലിച്ച് പുതിയ സംവിധാനം ഏര്‍പ്പെടുത്താനുള്ള നീക്കത്തെപ്പറ്റി അറിഞ്ഞിട്ടില്ലെന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു. പകരം സംവിധാനം നടപ്പാക്കാന്‍ പുറത്തിറക്കിയിട്ടുള്ള ടെണ്ടറിനൊപ്പമുള്ള ആര്‍.എഫ്.പിയില്‍ പറഞ്ഞിരിക്കുന്ന എല്ലാ ആവശ്യങ്ങളും നിലവില്‍ ഇ-ഓഫീസ് സഗവിധാനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വസ്തുതയും പുറത്തു വരുന്നു. നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ എന്‍.ഐ.സി നടപ്പാക്കിയിട്ടുള്ള സോഫ്ട്വെയര്‍ സംവിധാനത്തില്‍ ഫയലുകള്‍ പൂഴ്ത്താനും തിരുത്താനും കഴിയില്ല. ഇതുകൊണ്ടു തന്നെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ക്കുള്ള അപ്രീതിയും സംവിധാനം മാറ്റി സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ കാരണമായെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഇ- ഓഫീസിനു പകരം പുതിയ സംവിധാനത്തിലേക്ക് ഡാറ്റ മാറ്റുന്നത് ശ്രമകരമാണെന്ന് ഐ.ടി മിഷന്‍ അറിയിച്ചിട്ടും ടെണ്ടര്‍ പുറത്തിറക്കാന്‍ സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കുകയായിരുന്നുവെന്ന വിവരമാണ് ലഭിച്ചിട്ടുള്ളത്. നിലവില്‍ 14 കളക്ട്രേറ്റുകളിലും 66 വില്ലേജ് ഓഫീസുകളിലും 24 ആര്‍.ഡി.ഒ ഓഫീസുകളിലും 65 ഓളം ഡയറക്ട്രേറ്റ്/കമ്മിഷണറേറ്റുകളിലും അവയുടെ താഴെത്തട്ടിലേക്കും വ്യാപിച്ചു കിടക്കുന്ന ഇ-ഓഫീസ് സംവിധാനം വ്യക്തമായ കാരണങ്ങളില്ലാതെ മാറ്റുന്നതിനു പിന്നില്‍ കോടികളുടെ അഴിമതിയും സ്വകാര്യ ലോബിയുമായുള്ള ഒത്തുകളിയുമാണെന്ന ആരോപണമാണ് ശക്തിപ്പെടുന്നത്.