EVM വെളിപ്പെടുത്തല്‍; തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പരാതിയില്‍ യു.എസ് ഹാക്കര്‍ക്കെതിരെ ഡല്‍ഹി പോലീസ് കേസെടുത്തു

Tuesday, January 22, 2019

ഇ.വി.എം വെളിപ്പെടുത്തലില്‍ യു.എസ് ഹാക്കർക്കെതിരെ ഡൽഹി പോലീസ് കേസെടുത്തു. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിൽ ക്രമക്കേട് കാട്ടിയാണ് 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിച്ചതെന്ന ആരോപണത്തിലാണ് നടപടി. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഹാക്കർക്കെതിരെ പരാതി നൽകിയത്.

ലണ്ടനില്‍ നടന്ന ഹാക്കത്തോണില്‍ നിന്ന് (Youtube Still)

ആരോപണത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു. ഹാക്കറുടെ വെളിപ്പെടുത്തലുകള്‍ പരിശോധിച്ചതിന് ശേഷം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് കമ്മീഷന്‍ കത്ത് നല്‍കുകയായിരുന്നു. ഹാക്കത്തോണ്‍ നടന്ന സാഹചര്യം എങ്ങനെയാണെന്നും ഹാക്കറുടെ മൊഴിയും പരിശോധിക്കണമെന്നാണ് ആവശ്യം. എന്നാല്‍ ഹാക്കറുന്നയിച്ച ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഇതുവരെ ഒരു ഏജന്‍സിയും തയാറായിട്ടില്ലെന്നാണ് വിവരം.

അതേസമയം വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമത്വം കാണിച്ചെന്ന സൈബർ വിദഗ്ധന്‍റെ വെളിപ്പെടുത്തല്‍ ഗൌരവകരമാണെന്നും അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഹാക്കത്തോണില്‍ പങ്കെടുത്തത് സംഘാടകര്‍ ക്ഷണിച്ചിട്ടാണെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ വ്യക്തമാക്കി. പാര്‍ട്ടി പ്രതിനിധിയായിട്ടല്ല, സ്വന്തം നിലയ്ക്കാണ് പങ്കെടുത്തതെന്നും അദ്ദേഹം വിശദീകരിച്ചു.