ഐഷ സുല്‍ത്താനക്കെതിരെ രാജ്യദ്രോഹക്കുറ്റം : ബി.ജെ.പിയിൽ കൂട്ടരാജി

Jaihind Webdesk
Saturday, June 12, 2021

സിനിമാ പ്രവർത്തക ഐഷ സുൽത്താനയ്ക്ക് എതിരായ നീക്കത്തിൽ പ്രതിഷേധിച്ച് ലക്ഷദ്വീപ് ബിജെപിയിൽ കൂട്ടരാജി. ഐഷയുടെ ദ്വീപായ ചെത്ത്ലത്ത് ദ്വീപിലെ 12 പേർ രാജിവച്ചു. ബിജെപി സ്റ്റേറ്റ് സെക്രട്ടറി അബ്ദുൾ ഹമീദ്, ചെത്തലത്ത് ദ്വീപിലെ സെക്രട്ടറി, വഖഫ് ബോർഡ് അംഗം എന്നിവർ അടക്കമുള്ളവരാണ് രാജിക്കത്ത് നൽകിയത്. ഐഷയ്ക്കെതിരെ ലക്ഷദ്വീപ് ബിജെപി അധ്യക്ഷൻ കവരത്തി പോലീസിന് പരാതി നൽകിയതിൽ പ്രതിഷേധിച്ചാണ് രാജി.

ഐഷ സുൽത്താനക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കവരത്തി പോലിസ് കേസ് എടുത്തിരുന്നു. അഡ്മിനിസ്ട്രേറ്റർ ദ്വീപിൽ നടപ്പിലാക്കിയ കാര്യങ്ങൾക്കെതിരെയാണ് ഐഷ സുൽത്താന പ്രതിഷേധിച്ചത്. ചാനൽ ചർച്ചയിൽ നടത്തിയ പരാമർശങ്ങൾ പ്രഫുൽ പട്ടേലിനെ മാത്രം ഉദ്ദേശിച്ചാണെന്നും – രാജ്യത്തെയോ ഗവൺമെന്റിനെയോ ഉദ്ദേശിച്ചല്ലെന്നും ഐഷ പിന്നീട് വ്യക്തമാക്കിയിരുന്നു.