35 വര്‍ഷം പഴക്കമുള്ള ദുബായ് ജബല്‍ അലി ഫ്രീസോണ്‍ ഫീസുകള്‍ കുത്തനെ വെട്ടിക്കുറച്ചു : പുതിയ മാതൃക പിന്തുടരാന്‍ മറ്റ് ഫ്രീസോണുകളും ; ഇനി വരുന്നത് ‘2020 വ്യവസായ വിപ്‌ളവം’ ! 

B.S. Shiju
Wednesday, March 11, 2020

ദുബായ് : യു.എ.ഇയിലെ ഏറ്റവും പഴക്കമുള്ളതും വലിപ്പമേറിയതുമായ സ്വതന്ത്ര വ്യാപാര മേഖലയായ ദുബായിലെ ജബല്‍ അലി ഫ്രീസോണ്‍ (ജാഫ്‌സ)  സ്ഥാപനങ്ങള്‍ക്കുള്ള ഗവണ്‍മെന്‍റ് ഫീസുകള്‍ കുത്തനെ വെട്ടിക്കുറച്ചു. ദുബായ് പോര്‍ട്ട് വേള്‍ഡ് എന്ന ഡി.പി വേള്‍ഡിന്‍റെ കീഴിലാണ് ജബല്‍ അലി ഫ്രീസോണ്‍. ഇപ്രകാരം കമ്പനികളുടെ ലൈസന്‍സ്, രജിസ്‌ട്രേഷന്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസുകള്‍ക്കുള്ള ചെലവ് എഴുപത് ശതമാനം വരെ കുറയും.

മുപ്പത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്, പ്രവര്‍ത്തനം ആരംഭിച്ച യു.എ.ഇയിലെ ഏറ്റവും പഴക്കമുള്ളതും വലിപ്പമേറിയതുമായ സ്വതന്ത്ര വ്യാപാര മേഖലയാണ് ദുബായിലെ ജബല്‍ അലി ഫ്രീസോണ്‍ എന്ന ജാഫ്‌സ. ഇന്ത്യ ഉള്‍പ്പെടെ നൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ള ഏഴായിരത്തി അഞ്ഞൂറിലധികം കമ്പനികള്‍ ഇതിനുള്ളില്‍ പ്രവര്‍ത്തിക്കുന്നു. ലോകത്തിലെ പ്രമുഖ ലോജിസ്റ്റിക്‌സ്-ബിസിനസ് ഹബ് ഓപ്പറേറ്ററായ ദുബായ് പോര്‍ട്ട് വേള്‍ഡ് എന്ന ഡിപി വേള്‍ഡിന്‍റെ കീഴിലാണ് ജബല്‍ അലി ഫ്രീസോണ്‍. ഇപ്രകാരം, ജാഫ്‌സ ചരിത്രത്തില്‍ ഇത് ആദ്യമായാണ് ഇത്തരത്തില്‍ ഗവണ്‍മെന്‍റ് സേവനങ്ങളില്‍ ഇത്രയും ഫീസ് നിരക്കുകള്‍ കുത്തനെ വെട്ടികുറയ്ക്കുകയായിരുന്നു. ലോകത്തിന്‍റെ പുതിയ മാറ്റങ്ങള്‍ക്ക് അനുസരിച്ചാണിത്. ഒപ്പം ബിസിനസ് ആവശ്യങ്ങളുടെ സാമ്പത്തിക ഭാരം കുറച്ച് നിക്ഷേപകര്‍ക്ക് സൗകര്യം വര്‍ധിപ്പിക്കണമെന്ന ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അടുത്തിടെ നടത്തിയ പ്രഖ്യാപനവും ജാഫ്‌സ നടപ്പാക്കുകയായിരുന്നു.

ഇപ്രകാരം നിലവില്‍ ജാഫ്സയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കും പുതിയ നിക്ഷേപകര്‍ക്കും ഇനി രജിസ്‌ട്രേഷന്‍-ലൈസന്‍സിംഗ് മറ്റ് ഭരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫീസ് നിരക്കുകളില്‍ 50 ശതമാനത്തിനും 70 ശതമാനത്തിനും ഇടയില്‍ ചെലവ് കുറയും. കൂടാതെ ഡിജിറ്റിലൈസേഷന്‍ നടപടികളുടെ ഭാഗമായി നിരവധി ഓണ്‍ലൈന്‍ സേവനങ്ങള്‍ സൗജന്യമായും ഇവര്‍ വാഗ്ദാനം ചെയ്യുന്നു.  2018 ലെ കണക്കനുസരിച്ച് മലയാളികള്‍ ഉള്‍പ്പെടെ ഒന്നര ലക്ഷത്തിലധികം പേര്‍ ഇതിനുള്ളില്‍ ജോലി ചെയ്യുന്നു. യു.എ.ഇയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്‍റെ 23.9 ശതമാനം ഫ്രീ സോണുകള്‍ വഴിയാണ് നടക്കുന്നത്. ഇതില്‍ ഒരു വലിയ പങ്ക് വഹിക്കുന്നത് ജാഫ്‌സയാണ്. കൂടാതെ ദുബായിയുടെ ആഭ്യന്തര ഉത്പാദന വളര്‍ച്ചയിലും ഈ ഫ്രീസോണ്‍ 33.4 ശതമാനം സംഭാവന ചെയ്യുന്നു. നൂറുകണക്കിന് പുതിയ നിക്ഷേപകര്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ് ഈ സുപ്രധാന തീരുമാനം. ഒപ്പം കൂടുതല്‍ ആത്മവിശ്വാസത്തോടെയും ലക്ഷ്യത്തോടെയും ബിസിനസ് തുടങ്ങി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ നിക്ഷേപകരെ പ്രചോദിപ്പിക്കുന്ന സമയോചിതമായ നീക്കമായും ഇതിനെ വിലയിരുത്തപ്പെടുന്നു.