ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി നേതാക്കളെ താരപ്രചാരകരുടെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കണമെന്ന് ബി.ജെ.പിയോട് തെരഞ്ഞെടുപ്പ് കമ്മീഷന്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിനേയും എം.പി പര്‍വേശ് വര്‍മയേയും താരപ്രചാരകരുടെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് ബി.ജെ.പി നേതൃത്വത്തിന് നോട്ടീസ് അയച്ചു.
ഡല്‍ഹിയിലെ ബി.ജെ.പി പ്രചാരണ യോഗത്തിനിടെയായിരുന്നു നേതാക്കളുടെ വിദ്വേഷ പ്രസംഗം. ‘രാജ്യത്തെ ഒറ്റുകാരെ വെടിവെക്കൂ’ എന്ന് ആഹ്വാനം ചെയ്ത കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂർ, പ്രവര്‍ത്തകരെ കൊണ്ട് മുദ്രാവാക്യം ഏറ്റുവിളിപ്പിക്കുകയും ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു.
ഷഹീന്‍ബാഗിലെ സമരക്കാര്‍ വീടുകളില്‍ കയറി സ്ത്രീകളെയും കുട്ടികളെയും ബലാത്സംഗം ചെയ്യുമെന്നും ആളുകളെ കൊന്നൊടുക്കുമെന്നുമായിരുന്നു എം.പി പര്‍വേശ് ശര്‍മയുടെ പ്രസംഗം. വർഗീയപരമായി പ്രകോപനമുണ്ടാക്കുന്ന പ്രസ്താവന നടത്തിയ ബി.ജെ.പി നേതാക്കൾക്കെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവരെ താരപ്രചാരകരുടെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചത്.