പത്തനംതിട്ട നഗരവാസികളെ വെള്ളം കുടിപ്പിച്ച് വാട്ടർ അതോരിറ്റി : കുടിവെള്ള വിതരണം ആറുമാസമായി അവതാളത്തില്‍

പത്തനംതിട്ട : കുടിവെള്ളം കൊടുക്കാതെ പത്തനംതിട്ട നഗരവാസികളെ വെള്ളം കുടിപ്പിച്ച് വാട്ടർ അതോരിറ്റി. കഴിഞ്ഞ ആറ് മാസക്കാലത്തിലധികമായി നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള വിതരണം അവതാളത്തിലാണ്. തോരാതെ പെയ്യുന്ന മഴയും പ്രളയവും സംസ്ഥാനത്തെമ്പാടും ജനങ്ങളെ ദുരിതത്തിലാക്കുമ്പോൾ തോരാതെ മഴ പെയ്യുന്നത് മാത്രമാണ് പത്തനംതിട്ട നഗരസഭയിലെ മേലേ വെട്ടിപ്രം , പരുത്തു പാറയ്ക്കൽ നിവാസികൾക്ക് ഏക ആശ്വാസം.

നഗരസഭാ ചെയർമാൻ അഡ്വ. സക്കീർ ഹുസൈന്‍റെ വാർഡ് അടക്കമുള്ള പ്രദേശങ്ങളിൽ ജല അതോരിറ്റിയുടെ കുടിവെള്ള വിതരണം മുടങ്ങിയിട്ട് 6 മാസത്തോളമായെന്ന് പ്രദേശവാസികൾ പറയുന്നു. നിലവിൽ വീടുകളുടെ ടെറസിൽ വീഴുന്ന വെള്ളമാണ് വീട്ടാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത്. നഗരസഭാ അധികൃതർക്ക് പരാതി നൽകിയിട്ടും പരിഹാരമുണ്ടാകാതെ വന്നതോടെ മുന്നൂറോളം പേർ ഒപ്പിട്ട പരാതി കഴിഞ്ഞ ദിവസം ജില്ലാകളക്ടർക്ക് നൽകിയതായി പൊതുപ്രവർത്തകൻ കൂടിയായ യുസഫ് പിച്ചയ്യത്ത് പറഞ്ഞു. കുടിവെള്ളം കിട്ടാക്കനിയായതോടെ വീട്ടമ്മമാരും കടുത്ത ദുരിതത്തിലാണ്.

വീട്ടിൽ എല്ലാവരും ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരാണെന്നും മഴവെള്ളം മാത്രമാണ് ആശ്രയമെന്നും വീട്ടമ്മയായ അംബിക പറഞ്ഞു. കുടിവെള്ള ക്ഷാമം പOനത്തേയും ബാധിക്കുന്നു എന്നും കുത്തനെ ഉള്ള വഴി പടികൾ സ്ഥാപിച്ച് സഞ്ചാരയോഗ്യമാക്കണമെന്നും ഉൾപ്പടെ കുട്ടികൾക്കും പരാതിക്ക് ഒട്ടും കുറവില്ല.

Comments (0)
Add Comment