സിപിഎമ്മുകാരനായിട്ടും ചതിക്കപ്പെട്ടു, പിണറായി ഭരണത്തില്‍ നീതിയില്ല ; മര്‍ദ്ദിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതില്‍ ഡോക്ടർ

ആലപ്പുഴ : ഇടതുപക്ഷ പ്രവര്‍ത്തകനായിട്ടും പിണറായി സര്‍ക്കാരിന്റെ ഭരണത്തില്‍ നീതികിട്ടിയില്ലെന്ന് ഡോക്ടറുടെ കുറിപ്പ്. ഡ്യൂട്ടി ചെയ്യുന്നതിനിടെ തന്നെ മര്‍ദ്ദിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതിനെതിരെയാണ് മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ രാഹുല്‍ മാത്യു രംഗത്തെത്തിയത്. ജോലിയില്‍ പ്രവേശിക്കും മുന്‍പ് പ്രാദേശിക സിപിഎം നേതാവായിരുന്നു രാഹുല്‍ മാത്യു.

നീതി കിട്ടിയില്ലെന്നും ജോലി രാജി വയ്ക്കുമെന്നും ഡോ. രാഹുൽ മാത്യു സമൂഹമാധ്യമത്തിലെ കുറിപ്പില്‍ പറഞ്ഞു. 40 ദിവസം കഴിഞ്ഞിട്ടും പ്രതിയായ പൊലീസുകാരനെ അറസ്റ്റ് ചെയ്തിട്ടില്ല. ഇടതുപക്ഷക്കാരനായിട്ടു പോലും താൻ ചതിക്കപ്പെട്ടുവെന്നും രാഹുല്‍ മാത്യു പറഞ്ഞു.

കൊവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന സ്ത്രീ മരിച്ചതിനെ തുടർന്ന് മകനായ പൊലീസുകാരൻ ഡോക്ടറെ കൈകാര്യം ചെയ്യുകയായിരുന്നു. ഉമ്പർനാട് അഭിലാഷ് ഭവനം ലാലിയാണ് മരിച്ചത്. ലാലിയുടെ മകനും സിവിൽ പൊലീസ് ഓഫിസറുമായിരുന്ന അഭിലാഷ് ഡോ. രാഹുലിനെ കയ്യേറ്റം ചെയ്യുകയായിരുന്നു. അഭിലാഷിനെ കസ്റ്റഡിയിൽ എടുക്കാത്തതിനെ തുടർന്ന് കെജിഒഎംഒയുടെ നേതൃത്വത്തിൽ പ്രതിഷേധം ഉയർന്നിരുന്നു.

Comments (0)
Add Comment